കൊച്ചി: യൂറോളജി സർജനും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റിന്റെ പ്രധാന സാരഥിയും പൊതുപ്രവർത്തകനുമായ ഡോ. എൻ.കെ. സനിൽകുമാർ (61) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഭൗതികദേഹം ഇന്ന് രാവിലെ 9.30 മുതൽ 11 വരെ വസതിയായ തൃപ്പൂണിത്തുറ പേട്ടയിലെ സ്‌കൈലൈൻ റിവർ ഡേയ്ലിൽ പൊതുദർശനത്തിന് വയ്‌ക്കും. 11.30ന് രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും.
പത്തനംതിട്ട കാരംവേലി നടുവത്ത് പരേതരായ കരുണാകരന്റെയും സരസമ്മയുടെയും മകനാണ്. ഭാര്യ: ഡോ. അഖില (ലേക്‌ഷോർ ഹോസ്‌പിറ്റൽ). മകൻ: സനന്ത് കരുണാകരൻ (ആർക്കിടെക്‌ട്).
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും എം.എസും നേടിയ ഡോ. സനിൽകുമാർ എറണാകുളം ലിസി ആശുപത്രിയിൽ സർജനായി പ്രവർത്തിക്കുകയായിരുന്നു. നേരത്തെ കണ്ണൂർ ധനലക്ഷ്‌മി, തിരുവല്ല പുഷ്‌പഗിരി, ആലുവ കാരോത്തുകുഴി, തൃക്കാക്കര ബേബി ആശുപത്രികളിലും പ്രവർത്തിച്ചിട്ടുണ്ട്.
ക്യാൻസർ ബാധയെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം എറണാകുളത്ത് ക്യാൻസർ സെന്റർ സ്ഥാപിക്കുന്നതിനായി ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ, പ്രൊഫ.എം.കെ. സാനു എന്നിവരുടെ നേതൃത്വത്തിൽ രൂപം നൽകിയ കൂട്ടായ്‌മയുടെ പ്രധാന പ്രവർത്തകനായിരുന്നു. ജസ്റ്റിസ് കൃഷ്‌ണയ്യരുടെ മരണശേഷം കൃഷ്‌ണയ്യർ മൂവ്മെന്റ് എന്നപേരിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെയും ക്യാൻസർ സെന്ററിന്റെയും വികസനത്തിനാവശ്യമായ ജനകീയ ഇടപെടൽ നടത്തുന്നത്.
Source link