KERALAMLATEST NEWS

മീറ്റർ മാറ്റിസ്ഥാപിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ കൊല്ലാൻ ശ്രമം

ചിറ്റാരിക്കൽ ( കാസർകോട് ): വീട്ടിലെ വൈദ്യുതി മീറ്റർ മാറ്റിവച്ച കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ ജീപ്പിടിച്ചും തലയ്ക്കടിച്ചും കൊല്ലാൻ ശ്രമം. ചിറ്റാരിക്കാൽ കാറ്റാംകവലയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. അക്രമത്തിൽ സാരമായി പരിക്കേറ്റ അരുൺ കുമാറിനെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറ്റാംകവലയിലെ ജോസഫും മകൻ സന്തോഷുമാണ് ആക്രമിച്ചത്.

അരുൺകുമാറിന്റെ കൂടെയുണ്ടായിരുന്ന ജീവനക്കാരൻ അനീഷ് പിറകോട്ടു മാറിയതിനാൽ രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി നല്ലോംപുഴ സെക്ഷൻ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റിവയ്ക്കാൻ എത്തിയതായിരുന്നു അരുൺ കുമാറും അനീഷും. ഈ സമയം ജോസഫ് വീട്ടിൽ ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും പറഞ്ഞശേഷം മീറ്റർ മാറ്റിവച്ച് റോഡിലേക്ക് ഇറങ്ങിയ അരുൺകുമാറിന്റെ ബൈക്കിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പ് കൊണ്ട് ഇടിക്കുകയായിരുന്നു. വീണുപോയ അരുണിനെ ജോസഫ് ഇരുമ്പ് കമ്പികൊണ്ടടിച്ചു. ആക്രമണത്തിൽ അരുൺകുമാറിന്റെ മൂക്കും ചെവിയും തകർന്നു. ജീപ്പിന്റെ ഇടിയിൽ ബൈക്കിനും കേടുപറ്റി. അരുൺകുമാറിന്റെ മൊബൈൽ ഫോണും വീട്ടുടമ കൈക്കലാക്കി.പ്രദേശത്തെ മറ്റ് വീടുകളിലെ കേടായ മീറ്ററുകൾ മാറ്റിവച്ച ശേഷമാണ് ഇരുവരും ജോസഫിന്റെ വീട്ടിൽ എത്തിയത്.ചിറ്റാരിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Source link

Related Articles

Back to top button