അഞ്ചുലക്ഷം വരെ പോയവരുണ്ട്, കേരള സർക്കാരിന്റെ ഒരു വകുപ്പിലെ ഉദ്യോഗസ്ഥരുടെ അവസ്ഥ

കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പന്തലുകളും കൗണ്ടറുകളും പ്രകാശ സംവിധാനങ്ങളും ഒരുക്കിയ വകയിലുള്ള പണം കിട്ടാൻ, പോളിംഗ് ഉദ്യോഗസ്ഥരുടെ കഴുത്തിനുപിടിച്ച് കരാറുകാർ! സർക്കാർ കണക്കു പ്രകാരം കൊടുക്കാനുള്ളതിനു പുറമേ, കൈയിൽ നിന്നു ചെലവാക്കിയ 5 ലക്ഷം രൂപ വരെ കിട്ടാനുള്ള തഹസിൽദാർമാർ അടക്കമുള്ളവരാണ് കരാറുകരെ പേടിച്ചൊളിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരുമാസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ നടപടിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സ്ഥലം മാറിയെത്തിയവരാണ് ഒട്ടുമിക്കയിടത്തും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ ഇവരുടെ അടുത്ത സ്ഥലംമാറ്റം വൈകാതെയുണ്ടാകും. മന്ത്രിയുടെ മുന്നിലിരിക്കുന്ന, റവന്യു വകുപ്പിലെ സ്ഥലംമാറ്റപ്പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. ബില്ലുകളും അക്കൗണ്ട് നമ്പരും നൽകിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയാൽ തങ്ങളുടെ പണം കിട്ടുമോയെന്ന ആശങ്കയിലാണ് കരാറുകാർ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ചുമതലയുള്ള ഉദ്യോഗസ്ഥർക്കെല്ലാം അഡ്വാൻസ് തുക വിതരണം ചെയ്തിരുന്നു. ഇതിന് പുറമേ ചെലവായ തുകയാണ് കിട്ടാനുള്ളത്.
റവന്യു ഓഫീസുകളിൽ പ്രതിസന്ധി
താലൂക്ക്, വില്ലേജ് ഓഫീസുകളിലെയും കളക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെയാണ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഓഫീസ് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചത്. നവകേരള സദസിൽ ലഭിച്ച ആയിരക്കണക്കിന് പരാതികളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ട്. ഇവരുടെ ജോലികൾ കൂടി, സ്വന്തം ഓഫീസുകളിൽ ബാക്കിയുള്ള ഉദ്യോഗസ്ഥർ ചെയ്യേണ്ട അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ചെലവുകളുടെ വിതരണം കൂടി പൂർത്തിയായെങ്കിൽ മാത്രമേ പാർലമെന്റ് തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ടവർ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഓഫീസിലേക്ക് മടങ്ങിയെത്തു.
പണം പോയ വഴി
പന്തലുകളും കൗണ്ടറുകളും തയ്യാറാക്കി
നിരീക്ഷണ ക്യാമറകൾ
ഇന്റർനെറ്റ് സൗകര്യവും കമ്പ്യൂട്ടറുകളും
ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, യാത്രാ ചെലവ്
പോസ്റ്റൽ ബാലറ്റുകൾ കൗണ്ടിംഗ് സെന്ററുകളിൽ എത്തിക്കൽ
പോളിംഗ് ദിനത്തിലെ ഭക്ഷണത്തിന് കുടുംബശ്രീക്ക്
വാഹനങ്ങളുടെ വാടക
അഡ്വാൻസായി നൽകിയ തുകയുടെയും ഇനി നൽകാനുള്ളതിന്റെയും ബില്ലുകൾ പരിശോധിച്ച് വരികയാണ്. കരാറുകാർക്കും ഉദ്യോഗസ്ഥർക്കും കിട്ടാനുള്ള തുക അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കും- ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഓഫീസ്.
Source link