മാസ്റ്റർ ക്ലാഷ്
യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഇന്ന് ഫുട്ബോളിന്റെ പൊൻപുലരി… കേരളക്കര ഇന്ന് ഇരുട്ടിവെളുക്കുന്നത് യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും ഫുട്ബോൾ രാജാക്കന്മാരുടെ ആഘോഷത്തിമിർപ്പിലേക്കായിരിക്കും… ഇന്ത്യൻ സമയം അർധരാത്രി 12.30ന് യൂറോ കപ്പ് ഫൈനലിൽ സ്പെയിനും ഇംഗ്ലണ്ടും കൊന്പുകോർക്കും. യൂറോ കിരീടം ആർക്കെന്നു നിശ്ചയിക്കപ്പെട്ട് അതിന്റെ ആഘോഷത്തിന്റെ ചൂടാറും മുന്പ് കോപ്പ ചാന്പ്യൻഷിപ്പിനായി അർജന്റീനയും കൊളംബിയയും കളത്തിലെത്തും. ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 5.30നാണ് കോപ്പ ഫൈനലിന്റെ കിക്കോഫ്. സ്പെയിൻ v/s ഇംഗ്ലണ്ട് ബെർലിൻ: യൂറോ കപ്പ് ഫൈനലിൽ സ്പെയിനും ഇംഗ്ലണ്ടും കൊന്പുകോർക്കുന്പോൾ രണ്ട് താരങ്ങളുടെ നേർക്കുനേർ ഏറ്റുമുട്ടൽകൂടിയാകുമത്- സ്പെയിനിന്റെ പതിനേഴുകാരൻ ലമെയ്ൻ യമാലിന്റെയും ഇംഗ്ലണ്ടിന്റെ ഇരുപത്തൊന്നുകാരൻ ജൂഡ് ബെല്ലിങ്ഗമിന്റെയും… 2024 യൂറോയിൽ ബെല്ലിങ്ഗം ആറു മത്സരങ്ങളിൽനിന്ന് രണ്ട് ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. പ്രീക്വാർട്ടറിൽ സ്ലോവാക്യക്കെതിരേ ഇഞ്ചുറി ടൈമിൽ ബൈസിക്കിൾ കിക്കിലൂടെ നേടിയ ഗോളാണ് ബെല്ലിങ്ഗമിന്റെ ക്ലാസ് തെളിയിച്ച നിമിഷം. ഇന്നലെ 17-ാം പിറന്നാൾ ആഘോഷിച്ച യമാൽ സെമിയിൽ ഫ്രാൻസിനെതിരേ 21-ാം മിനിറ്റിൽ നേടിയ ക്ലാസിക് ഗോളിലൂടെ തന്റെ ക്വാളിറ്റിയും വ്യക്തമാക്കിക്കഴിഞ്ഞു. ഈ യൂറോയിൽ ഒരു ഗോളും മൂന്ന് അസിസ്റ്റും യമാലിനുണ്ട്. ചുരുക്കത്തിൽ യമാലും ബെല്ലിങ്ഗമും ഇരുവശങ്ങളിലായി അണിനിരന്നു നയിക്കുന്ന യൂറോ യുദ്ധത്തിന്റെ ഫലം പ്രവചനാതീതമാണ്… കിരീടം; നന്പർ 1/4? യൂറോ കപ്പിൽ ഇംഗ്ലണ്ട് ഇതുവരെ മുത്തംവച്ചിട്ടില്ല. 2020 ഫൈനലിൽ പ്രവേശിച്ചതായിരുന്നു ഇതുവരെയുള്ള മികച്ച നേട്ടം. കന്നിക്കിരീടമാണ് ഇംഗ്ലണ്ട് സ്വപ്നം കാണുന്നത്. ഗാരെത് സൗത്ത്ഗേറ്റിന്റെ ശിക്ഷണത്തിൽ ഹാരി കെയ്ൻ, ബെല്ലിങ്ഗം, ഫിൽ ഫോഡൻ, ബുകായോ സാക്ക, കെയ്ൽ വാക്കർ, കിരണ് ട്രിപ്പിയർ എന്നിങ്ങനെ നീളുന്നു ഇംഗ്ലീഷ് കരുത്ത്. മറുവശത്ത് 2012നുശേഷം ഒരു പ്രമുഖ കിരീടമാണ് സ്പെയിൻ ലക്ഷ്യംവയ്ക്കുന്നത്. 1964, 2008, 2012 എന്നിങ്ങനെ മൂന്നു വർഷം സ്പെയിൻ യൂറോ ചാന്പ്യന്മാരായിട്ടുണ്ട്. ലൂയിസ് ഡെ ല ഫുന്റെയാണ് സ്പെയിനിന്റെ പരിശീലകൻ. ആൽവാരൊ മൊറാട്ട, നിക്കോ വില്യംസ്, ലമെയ്ൻ യമാൽ, ഡാനി ഓൾമോ, ഫെറാൻ റൂയിസ്, റോഡ്രി എന്നിങ്ങനെ നീളുന്ന പ്രതിഭാധനരാണ് സ്പെയിനിന്റെ ശക്തി. യമാലിന് എക്സ്ട്രാ ടൈമിൽ ഇറങ്ങാനാവില്ല! ബർലിൻ: സ്പെയിനിന്റെ കൗമാരവിസ്മയം ലമെയ്ൻ യമാലിന് ഇന്ന് ഇംഗ്ലണ്ടിനെതിരേയുള്ള ഫൈനൽ എക്സ്ട്രാ ടൈമിലേക്കെത്തിയാൽ കളിക്കാനാവില്ല. ജർമൻ ലേബർ നിയമപ്രകാരം മൈനർ (18 വയസിൽ താഴെയുള്ളവർ) പ്രായക്കാർക്ക് രാത്രി എട്ട് വരെയേ തൊഴിലിൽ ഏർപ്പെടാനാകൂ. കായികതാരങ്ങൾക്കാണെങ്കിൽ രാത്രി 11 വരെയും. ബർലിൻ ഒളിന്പിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ ജർമൻ സമയം രാത്രി ഒന്പതു മണിക്കാണ് ആരംഭിക്കുക. മത്സരത്തിലെ 15 മിനിറ്റ് ഇടവേളയും ചേർന്ന് മത്സരം രാത്രി 11നാണ് പൂർത്തിയാകേണ്ടത്. ഇതിനൊപ്പം ഇഞ്ചുറി ടൈം കൂടി ചേർന്നു കഴിഞ്ഞാൽ മത്സര സമയം നീളും. യമാൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യക്കെതിരേ 86 മിനിറ്റ് വരെയും ഇറ്റലിക്കെതേിര 71 മിനിറ്റ് വരെയും അൽബേനിയയ്ക്കതിരേ അവസാന 19 മിനിറ്റും മാത്രമേ കളിച്ചുള്ളൂ. 11 മണിക്കുശേഷം കളിപ്പിച്ചാൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ 30,000 യൂറോ (27 ലക്ഷം രൂപ) പിഴ നൽകണം. പിഴ ജർമൻ സർക്കാരിന്റെ നടപടിയെ ആശ്രയിച്ചിരിക്കും. ഇംഗ്ലണ്ട് x സ്പെയിൻ 2024 യൂറോ കപ്പ് 07 അടിച്ച ഗോൾ 13 04 വഴങ്ങിയ ഗോൾ 03 ഇംഗ്ലണ്ട് x സ്പെയിൻ യൂറോ ചരിത്രം 00 കിരീടം 03 01 റണ്ണേഴ്സ് അപ്പ് 01 അർജന്റീന v/s കൊളംബിയ മയാമി: ആവേശകരവും നാടകീയ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു മാസത്തെ പോരാട്ടത്തിനുശേഷം കോപ്പ അമേരിക്ക 2024ന്റെ ചാന്പ്യൻ ആരെന്നറിയുന്നതിനുള്ള പോരാട്ടം ഇന്ത്യൻ സമയം നാളെ രാവിലെ 5.30ന് മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും. തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടവും പ്രധാന ടൂർണമെന്റിൽ ഹാട്രിക് കിരീടവും ലക്ഷ്യമിടുന്ന അർജന്റീനയും 23 വർഷത്തിനുശേഷം ഒരു പ്രധാന ചാന്പ്യൻഷിപ്പ് മോഹിക്കുന്ന കൊളംബിയയുമാണ് ഏറ്റുമുട്ടുന്നത്. ഫൈനലിൽ ജയിക്കാനായാൽ അർജന്റീനയ്ക്ക് ഏറ്റവും കൂടുതൽ തവണ കോപ്പ അമേരിക്ക ജേതാക്കളായ റിക്കാർഡിലെത്താം. നിലവിൽ 15 എണ്ണം വീതമായി ഉറുഗ്വെയുമായി തുല്യത പാലിക്കുകയാണ്. കൊളംബിയ ജയിച്ചാൽ 2001നുശേഷം ഒരിക്കൽക്കൂടി കോപ്പയിൽ മുത്തമിടാം. തുടർച്ചയായ 28 മത്സരങ്ങളിൽ തോൽവി അറിയാത്ത കൊളംബിയയും തുടർച്ചയായി പത്ത് മത്സരങ്ങളിൽ പരാജയമറിയാത്ത അർജന്റീനയും ഈ മികവ് നിലനിർത്താനാണ് പോരാടുന്നത്. ഗ്രൂപ്പ് മത്സരങ്ങൾ മുതൽ സെമി വരെ കൊളംബിയ വലിയ പോരാട്ടങ്ങളിലൂടെ കരുത്തരായ എതിരാളികളെ നേരിട്ടാണ് ഫൈനലിലെത്തിയത്. എന്നാൽ, അനായാസം ഗ്രൂപ്പ് ഘട്ടം കടന്ന അർജന്റീനയ്ക്ക് ക്വാർട്ടറിൽ ഇക്വഡോറിൽനിന്നാണ് അല്പമെങ്കിലും വെല്ലുവിളി നേരിടേണ്ടിവന്നത്. ആറ് അസിസ്റ്റും ഒരു ഗോളുമുള്ള നായകൻ ഹാമിഷ് റോഡ്രിഗസിന്റെ മികവിലാണ് കൊളംബിയ കുതിക്കുന്നത്. അതിനൊപ്പം ലൂയിസ് ഡിയസും മികച്ച പ്രകടനമാണു നടത്തുന്നത്. മികച്ച മധ്യനിരയുള്ളതാണ് അർജന്റീനയെ കൊളംബിയയിൽനിന്ന് വ്യത്യസ്തരാക്കുന്നത്. നായകൻ ലയണൽ മെസിയും മികച്ച ഫോമിലുള്ള ജൂലിയൻ അൽവാരസും ടൂർണമെന്റിൽ ഗോളടിയിൽ മുന്നിലുള്ള ലൗതാരോ മാർട്ടിനസും ചേരുന്പോൾ കൊളംബിയൻ പ്രതിരോധം ബുദ്ധിമുട്ടും. മാർട്ടിനസ് സെമിയിൽ കളിച്ചില്ല. എന്നാൽ, പ്രതിരോധത്തിൽ വിള്ളലുകൾ ഉണ്ടാകുന്നതാണ്് അർജന്റീനയുടെ തലവേദന. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ വഴങ്ങാതെ മുന്നേറിയ അർജന്റീന ക്വാർട്ടർ ഇക്വഡോറിനോട് ഗോൾ വഴങ്ങി. ജന്മദിനം കളറാക്കാൻ യമാൽ, റോഡ്രിഗസ് യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും ഫൈനലുകൾ നടക്കുന്പോൾ രണ്ടുപേർ ചാന്പ്യൻന്മാരായി ജന്മദിനം കൂടുതൽ ആഘോഷമാക്കാൻ ഇറങ്ങുകയാണ്. സ്പെയിനിന്റെ കൗമാര വിസ്മയം ലാമിൻ യമാലും കൊളംബിയയുടെ നായകൻ ഹാമിഷ് റോഡ്രിഗസുമാണ് കിരീട നേട്ടത്തോടെ ജന്മദിനം കളറാക്കാനൊരുങ്ങുന്നവർ. യൂറോ ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്ന യാമലിന്റെ 17-ാം ജന്മദിനമായിരുന്നു ഇന്നലെ (ജൂലൈ 13). കോപ്പ അമേരിക്കയിൽ അർജന്റീനയെ നേരിടുന്ന റോഡ്രിഗസിന്റെ 33-ാം ജന്മദിനം വെള്ളിയാഴ്ചയായിരുന്നു, ജൂലൈ 12. ലാസ്റ്റ് ഡാൻസിന് എയ്ഞ്ചൽ അർജന്റീനയുടെ ദേശീയ കുപ്പായത്തിൽ എയ്ഞ്ചൽ ഡി മരിയയുടെ അവസാനത്തെ മത്സരമാണ് കോപ്പ അമേരിക്ക ഫൈനൽ. കോപ്പ അമേരിക്കയോടെ താൻ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിക്കുമെന്ന് കഴിഞ്ഞ വർഷം ഈ മധ്യനിര താരം പ്രഖ്യാപിച്ചു. അടുത്തകാലത്ത് അർജന്റീന ജേതാക്കളായ ടൂർണമെന്റ് ഫൈനലുകളിലെല്ലാം ഡി മരിയയുടെ ഗോളുമുണ്ടായിരുന്നു. ഒളിന്പിക്സിൽ (2008) നൈജീരിയയ്ക്കെതിരേയും കോപ്പയിൽ ബ്രസീലിനെതിരേയും (2021) അർജന്റീന നേടിയ ഏക ഗോൾ ഡി മരിയയുടെ വകയായിരുന്നു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരേയും ഫൈനലിസിമയിൽ ഇറ്റലിക്കെതിരേയും ആ ബൂട്ടുളിൽനിന്ന് പന്ത് വല കുലുക്കി. ഡി മരിയയ്ക്ക് വിരമിക്കൽ കപ്പോടെ നൽകുമെന്ന് നായകൻ മെസി ഉറപ്പ് നല്കിയിട്ടുണ്ട്. അർജന്റൈൻ മധ്യനിര താരത്തിന്റെ 145ാം അന്താരാഷ്ട്ര മത്സരമാണ് നാളെ നടക്കുക. അർജന്റീന x കൊളംബിയ 2024 കോപ്പ അമേരിക്ക 08 അടിച്ച ഗോൾ 12 01 വഴങ്ങിയ ഗോൾ 02 അർജന്റീന x കൊളംബിയ കോപ്പ ചരിത്രം 15 കിരീടം 01 14 റണ്ണേഴ്സ് അപ്പ് 01
Source link