ആളുകയറുന്നില്ല; കെഎസ്‌ആർടിസിക്കും യാത്രക്കാരനും നഷ്ടം വരുത്തുന്ന നവകേരള ബസിന്റെ റൂട്ട് മാറ്റാൻ സർക്കാർ ആലോചന

തിരുവനന്തപുരം: കോഴിക്കോട്- ബംഗളൂരു റൂട്ടിൽ നഷ്ടത്തിലോടുന്ന നവ കേരള ബസ് സർവീസ് കോഴിക്കോട് -തിരുവനന്തപുരം റൂട്ടിലേക്ക് മാറ്റാൻ ഗതാഗത വകുപ്പിൽ ആലോചന. ഈ മാസം ഒന്നു മുതലുള്ള കണക്കെടുത്താൽ ഏഴിന് മാത്രമാണ് ബസ് ലാഭത്തിൽ ഓടിയത്. ആളില്ലാത്തതിനാൽ ബുധനും വ്യാഴവും സർവീസ് നടത്തിയില്ല.
രണ്ട് ട്രിപ്പിലും യാത്രക്കാർ നിറഞ്ഞാൽ 62,000 രൂപ കെ.എസ്.ആർ.ടി.സിക്ക് കിട്ടും. ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കം ഒരുതവണ ബസിന് ചെലവ് നാൽപതിനായിരത്തോളം രൂപയാണ്. 45,000 രൂപയെങ്കിലും കിട്ടിയാൽ സർവീസ് സുഗമമായി നടത്താം. എന്നാൽ, ഈ മാസം നാൽപതിനായിരത്തിന് മുകളിൽ കളക്ഷൻ കിട്ടിയത് രണ്ട് ദിവസം. സീറ്റ് നിറഞ്ഞ് ഒരു ദിവസം പോലും ഓടിയില്ല. 26 സീറ്റ് മാത്രമാണ് നിറഞ്ഞത്. പുലർച്ചെ നാലു മണിക്കാണ് കോഴിക്കോടുനിന്നും ബസ് പുറപ്പെടുന്നത്. ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്കും. ഈ സമയ ക്രമവും പ്രതികൂലമായെന്നാണ് വിലയിരുത്തൽ.
യാത്രക്കാരന് നഷ്ടം
നവകേരള എ.സി ബസ്സിലുള്ളത് പുഷ് ബാക്ക് സീറ്റുകൾ. നിരക്ക് 1240 രൂപ. ഓൺലൈനായി ബുക്ക് ചെയ്താൽ 1256 രൂപ.
സ്വകാര്യ എ.സി. ബസിൽ ഈ നിരക്കിൽ സ്ലീപ്പർ സീറ്റ് ലഭ്യമാവും.
ഗരുഡ പ്രീമിയം ബസെന്ന പേരിലാണ് യാത്ര. മറ്റ് ഗരുഡ പ്രീമിയം സർവീസുകൾക്ക് കോഴിക്കോട്- ബംഗളൂരു ഓൺലൈൻ നിരക്ക് 1212 രൂപയാണ്.
സ്വിഫ്ടിന്റെ ഗരുഡ എ.സി ബസിന് 627 രൂപയാണ് നിരക്ക്
Source link