KERALAMLATEST NEWS

മാലിന്യം നിറഞ്ഞ തുരങ്കം, ജോയിയുടെ ജീവനുവേണ്ടിയുളള തിരച്ചിൽ നാല് മണിക്കൂർ പിന്നിടുമ്പോഴും പ്രതിസന്ധിയിൽ

തിരുവനന്തപുരം:ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളിക്കായുളള തിരച്ചിൽ നാല് മണിക്കൂർ പിന്നിടുമ്പോഴും തുടരുന്നു. ഇന്ന് രാവിലെയോടെയാണ് ജോയി എന്ന യുവാവിനെ കാണാതായത്. വെള്ളം ഒഴുകിയെത്തുന്ന തുരങ്ക സമാനമായ ഭാഗത്തെ മാലിന്യക്കൂമ്പാരവും വെളിച്ചത്തിന്റെയും വായുവിന്റെയും കുറവും രക്ഷാപ്രവര്‍ത്തനം പ്രയാസകരമാക്കുകയാണ്.

വലിയ വലകള്‍ എത്തിച്ച് മാലിന്യങ്ങള്‍ പുറത്തെടുത്ത ശേഷം മാത്രമേ വിശദമായ പരിശോധന നടത്താന്‍ കഴിയൂവെന്നാണ് വിവരം. ഒഴുക്കില്‍പ്പെട്ടപ്പോള്‍ കയറിട്ട് കൊടുത്തെങ്കിലും ജോയിക്ക് അതില്‍പിടിച്ചു കയറാന്‍ കഴിഞ്ഞില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. മൂന്ന് പേരാണ് ശുചീകരണ പ്രവര്‍ത്തനത്തിനായി എത്തിയത്. ജോയിയാണ് ഉള്ളിലിറങ്ങിയത്. അതിനിടെയാണ് മഴ ശക്തിയായി കൂടുതല്‍ വെള്ളം ഒഴുകിയെത്തിയത്. ഇതോടെ ജോയി ഒഴുക്കില്‍പ്പെടുകയായിരുന്നു.

മുങ്ങല്‍വിദഗ്ദ്ധരും ഫയർഫോഴ്സുമടക്കമുളളവർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വെള്ളം കുറഞ്ഞതോടെ സ്‌കൂബാ ഡൈവിംഗ് സംഘത്തിന് മുങ്ങി പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു മാലിന്യം നിറഞ്ഞ തോട്ടിലേത്. ഇവിടെയിറങ്ങി ഊളിയിട്ട് മുന്നോട്ടുപോയി നോക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതോടെ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമായി.

അതേസമയം,തോട്ടിനുളളിലെ മാലിന്യം മുഴുവന്‍ നീക്കിയുളള രക്ഷാപ്രവര്‍ത്തനത്തിനാണ് ഫയർഫോഴ്സ് ശ്രമിക്കുന്നത്. കൂടുതല്‍ ജീവനക്കാരെ എത്തിച്ച് മാലിന്യനീക്കം ഊര്‍ജിതമാക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘മാലിന്യങ്ങള്‍ നീക്കി മാത്രമേ തുരങ്കത്തിനുള്ളിലേക്കു കയറി പരിശോധന നടത്താന്‍ കഴിയൂ. നഗരസഭയുടെ താല്‍ക്കാലിക ജീവനക്കാരന്‍ അല്ല ഒഴുക്കില്‍പ്പെട്ട ജോയി. മഴയുളളതിനാല്‍ ഇന്ന് ജോലി നടത്താന്‍ തീരുമാനിച്ചിരുന്നതല്ലെന്നും മാലിന്യം പൂര്‍ണമായി നീക്കും’- മേയർ പറഞ്ഞു.


Source link

Related Articles

Back to top button