‘കുറ്റപത്രം റദ്ദാക്കി കേസിൽ നിന്ന് ഒഴിവാക്കി തരണം’; വന്ദന കൊലക്കേസ് പ്രതിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തേ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയിലെ അപ്പീൽ. അപ്പീൽ തള്ളിയതോടെ വിചാരണയ്‌ക്കുള്ള തടസവും നീങ്ങി.

കേസിൽ പ്രതി സന്ദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. പൊലീസിന്റെ കുറ്റപത്രം വിചാരണ ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. ഹർജി തള്ളിയതോടെ കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്‌തതും അസാധുവായി. പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന നടപടിയാണ് ഇനിയുള്ളത്.

2023 മേയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്‌ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്‌ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്‌കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്‌തിരുന്നു.


Source link

Exit mobile version