കിടപ്പുരോഗിയായ യുവാവിന് ദയാവധം അനുവദിച്ചില്ല

ന്യൂഡൽഹി : 11 വർഷമായി കിടപ്പിലാണെന്നും ദയാവധം അനുവദിക്കണമെന്നുമുള്ള ഡൽഹി സ്വദേശി ഹരീഷ് റാണയുടെ (30) ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ദയാവധത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിരസിച്ചു. ഹരീഷ് മാതാപിതാക്കൾ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കാര്യമായ ബാഹ്യസഹായമില്ലാതെ ജീവിക്കാൻ ഹരീഷിന് കഴിയുന്നുണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. മരുന്നു കുത്തിവച്ച് മരണത്തിലേക്ക് അയയ്ക്കാനാകില്ലെന്നും നിരീക്ഷിച്ചു.

പഞ്ചാബ് സ‌ർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്നു ഹരീഷ് . 2013ൽ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്‌ക്ക് ഗുരുതര ക്ഷതം സംഭവിക്കുകയായിരുന്നു. അന്നുമുതൽ കിടക്കയിലാണ്.


Source link

Exit mobile version