കൊളംബോയ്ക്കും സിംഗപ്പൂരിനും വെല്ലുവിളി: കേന്ദ്രമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നും രാജ്യത്തിന്റെ മാരിടൈം രംഗത്ത് സുപ്രധാന പങ്ക് വഹിക്കുമെന്നും കേന്ദ്ര മന്ത്രി സർബാനന്ദ് സോനോവാൾ പറഞ്ഞു. മദർഷിപ്പിന് നൽകിയ സ്വീകരണത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയുടെ വിജയകരമായ ഉദാഹരണമാണ് വിഴിഞ്ഞം. ലോകോത്തര തുറമുഖങ്ങളുണ്ടാക്കാനുള്ള പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ ഫലവും കൂടിയാണ്. ആഗോള മാരിടൈം ഭൂപടത്തിൽ കേരളം ഇതിലൂടെ ഇടംപിടിക്കുകയാണ്. 21,000 കോടിയുടെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 5300 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തുറമുഖത്ത് സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു സ്വീകരണയോഗം. ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. രാജൻ, കെ.എൻ. ബാലഗോപാൽ,സജി ചെറിയാൻ, ജി.ആർ. അനിൽ, ഒ.ആർ. കേളു, എ.എ. റഹീം എം.പി, എം.വിൻസന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, പ്രദീപ് ജയരാമൻ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, ഇടവക വികാരി ഫാ. നിക്കോളാസ് എന്നിവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.വേണു സ്വാഗതവും വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ നന്ദിയും പറഞ്ഞു. തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് റിപ്പോർട്ടവതരിപ്പിച്ചു.
Source link