ഹരാരെ: സിംബാബ്വെയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ ഇന്ത്യ ഇന്നു കളത്തിൽ. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം. പരന്പരയിലെ നാലാം മത്സരമാണ് ഇന്ന് അരങ്ങേറുന്നത്. ആദ്യ മൂന്നു പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ 2-1ന്റെ ലീഡുമായി ഇന്ത്യ പരന്പര നേട്ടത്തിന്റെ വക്കിലാണ്. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസനാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ചരിത്രനേട്ടത്തിനായി സഞ്ജു ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലംഗമായ സഞ്ജു സാംസണ് ചരിത്ര നേട്ടത്തിന്റെ വക്കിൽ. ഇന്നു സിംബാബ്വെയ്ക്ക് എതിരായ നാലാം പോരാട്ടത്തിൽ രണ്ട് സിക്സ് പറത്തിയാൽ, ട്വന്റി-20 ഫോർമാറ്റിൽ 300 സിക്സ് എന്ന അപൂർവ നേട്ടത്തിൽ സഞ്ജു എത്തും. നിലവിൽ 298 സിക്സ് ട്വന്റി-20 ഫോർമാറ്റിൽ സഞ്ജുവിനുണ്ട്. ആഭ്യന്തരം, രാജ്യാന്തരം, ഐപിഎൽ വേദികളിലായാണിത്. ട്വന്റി-20യിൽ ഇതുവരെ കളിച്ച 274 മത്സരങ്ങളിൽനിന്ന് 298 സിക്സും 551 ബൗണ്ടറിയും സഞ്ജുവിനുണ്ട്. ആകെ 6733 റണ്‍സും. മൂന്നു സെഞ്ചുറിയും 45 അർധസെഞ്ചുറിയും സഞ്ജു ട്വന്റി-20 ഫോർമാറ്റിൽ നേടിയിട്ടുണ്ട്. ട്വന്റി-20യിൽ 300 സിക്സ് തികച്ച ഏഴാമത് ഇന്ത്യൻ താരമെന്ന നേട്ടത്തിനായാണ് സഞ്ജു കാത്തിരിക്കുന്നത്. രോഹിത് ശർമ (525), വിരാട് കോഹ്ലി (416), എം.എസ്. ധോണി (338), സുരേഷ് റെയ്ന (325), സൂര്യകുമാർ യാദവ് (322), കെ.എൽ. രാഹുൽ (311) എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ. സിംബാബ്വെയ്ക്കെതിരായ മൂന്നാം ട്വന്റി-20യിൽ അഞ്ചാം നന്പറായെത്തിയ സഞ്ജു ഏഴ് പന്തിൽ രണ്ട് ഫോറിന്റെ സഹായത്തോടെ 12 റണ്‍സുമായി പുറത്താകാതെനിന്നിരുന്നു.
Source link