KERALAMLATEST NEWS

ഹോട്ടൽ ഭക്ഷണത്തിൽ സാമ്പാറും അവിയലും തോരനും കാണാനില്ലേ,​ ചോദ്യത്തിന് ഉത്തരമിതാണ്

വെഞ്ഞാറമൂട്: തോരനും അവിയലും തൊടുകറികളും ഇല്ലാത്ത തൂശനില നോക്കി ഇതെന്താ ഇങ്ങനെയെന്ന് ?ചോദിക്കാൻ വരട്ടെ. അഥവാ ചോദിച്ചാൽ ഇന്നത്തെ മാർക്കറ്റിലെ പച്ചക്കറിയുടേയും പലവ്യഞ്‌ജനങ്ങളുടേയും വിലവിവരപ്പട്ടിക ഒന്നൊന്നായി നിരത്തും. വിലവർദ്ധനവാണ് വിഭവ സമൃദ്ധമായിരുന്ന ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ചില കറിക്കൂട്ടുകൾ മറയാൻ കാരണം. ഇപ്പോൾ സാമ്പാറും അവിയലും ഇഞ്ചി- നാരങ്ങയും ബീൻസ് തോരനുമൊക്കെ വിലയേറിയ കറിക്കൂട്ടുകളാണ്. ഇവയുടെ വില വർദ്ധന കാരണം ഈ കറികളൊന്നും വിളമ്പാനാകാത്ത അവസ്ഥയിലാണ് ഹോട്ടൽ മേഖല.

നിത്യവും കുതിച്ചുയരുന്ന പച്ചക്കറി- പലവ്യഞ്ജന വിലയിൽ ഹോട്ടൽ വ്യവസായം തകിടം മറിയുകയാണ്.ഇങ്ങനെ പോയാൽ വില വർദ്ധിപ്പിക്കാതെ തരമില്ലെന്നാണ് ‌ഹോട്ടൽ ഉടമകൾ പറയുന്നത്. ഇതുകൂടാതെ വൈദ്യുതി ബില്ലും വെള്ളക്കരവും കൂടി ആകുമ്പോൾ എല്ലാം തികയും. ലോണെടുത്തും വട്ടിപ്പലിശയ്ക്കെടുത്തും ഹോട്ടൽ നടത്തുന്നവർക്ക് പിടിച്ചുനിൽക്കാനാവില്ല. ചെറുകിട സംരംഭകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പച്ചക്കറി വില കുതിച്ചുയർന്നപ്പോൾ നാട്ടിൽ വേണ്ടാതെ കിടന്ന ചക്കയും കോവലും നിത്യവഴുതനയും ഒക്കെ ഹോട്ടലിലേക്ക് അതിഥികളായെത്തി ഇരുപതും മുപ്പതും രൂപയ്ക്ക് ഊണ് നൽകിയിരുന്ന കുടുംബശ്രീ ജനകീയ ഭക്ഷണശാലകളിൽ അടുപ്പെരിയാത്ത അവസ്ഥയാണ്. ഇങ്ങനെ പോയാൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയില്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

സാമ്പാറിൽ മുങ്ങിത്തപ്പി

വിലവർദ്ധിച്ചതോടെ ഊണിനൊപ്പം നൽകുന്ന സാമ്പാറിൽ കഷണങ്ങൾ കുറഞ്ഞു, എന്നു മാത്രമല്ല പല കായ്കറികളും കാണാനുമില്ല. പല ഹോട്ടലുകളിലും ഒഴിച്ചുകറി, മോര്, രസം, എന്നിവയിലേക്ക് ചുരുങ്ങി. രസത്തിൽ നിന്ന് തക്കാളിയും പടിയിറങ്ങി. അവിയലിന്റെ അളവും കുറച്ചു. മീനിന്റെയും ഇറച്ചിയുടെയും കാര്യം പറയേവേണ്ട.

പച്ചക്കറി ,പലവ്യഞ്ജന വില റോക്കറ്റ് വേഗത്തിൽ ഉയരുകയാണ്. പത്ത് മുതൽ അൻപത് വരെ തൊഴിലാളികൾ പണിയെടുക്കുന്ന ഓരോ ഭക്ഷണശാലയിലും ദിവസേന 1000 മുതൽ 1500 പേർക്ക് വരെ ഭക്ഷണം നൽകുന്നുണ്ട്. ഇങ്ങനെ പോയാൽ തൊഴിലാളികൾക്ക് കൂലി നൽകാൻ പോലും വിറ്റുവരവ് തികയില്ല.

മഹേഷ്,​ വഴിയോരക്കട,​ കുറവൻകുഴി


Source link

Related Articles

Back to top button