പേരുദോഷം മാറുന്നു,സപ്ളൈകോ സാധനങ്ങൾ എത്തിത്തുടങ്ങി

തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ എട്ടുവർഷവും വിലകൂട്ടാതെ വൻനഷ്ടം പേറി സൽപേരും സമ്പത്തും നഷ്ടമായ സപ്ളൈകോ പേരുദോഷം മാറ്റാൻ നടത്തുന്ന ശ്രമം വിജയത്തിലേയ്‌ക്ക്. അമ്പതാം വർഷത്തിൽ ഡിസ്‌കൗണ്ടോടെ അമ്പതോളം ഉത്പന്നങ്ങളും സബ്സിഡിയോടെ 13 ഉത്പന്നങ്ങളും ഷോപ്പുകളിൽ നിറയ്ക്കാൻ തുടങ്ങി.
കഴിഞ്ഞ 25 മുതൽ അമ്പതാം വാർഷികകച്ചവടം തുടങ്ങിയതോടെ പുരോഗതിയുണ്ടായി. പ്രതിദിന വില്പന 2.5 ലക്ഷത്തിൽ നിന്ന് 5.2 ലക്ഷമായി ഉയർന്നു. നേരത്തെ ഇത് 11 ലക്ഷമായിരുന്നു. പദ്ധതി ആരംഭിച്ചെങ്കിലും സാധനങ്ങൾ പൂർണമായി എത്തിക്കാനായിട്ടില്ല. പഴയ സപ്ളൈയർമാർ കരാർ പുതുക്കാത്തതാണ് കാരണം. സമയത്തിന് പണം കിട്ടില്ലെന്നും നഷ്ടത്തിൽ പോകുന്ന സ്ഥാപനമാണെന്നുമുള്ള പ്രചാരണമാണ് കാരണം. സർക്കാർ ഉറപ്പുകളും ചർച്ചകളും നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടത്തിയ നീക്കം ഫലം കാണുന്നുണ്ട്. പല ജില്ലകളിലും ഒമ്പതോളം സാധനങ്ങളെത്തിക്കാനായിട്ടുണ്ട്. മൂന്ന് ജില്ലകളിൽ പഞ്ചസാരയും ഏതാനും ദിവസങ്ങൾക്കുള്ളിലെത്തും.
എല്ലാ സാധനങ്ങളും ഉടനെത്തിച്ച് ഒാണക്കാലം മുതൽ സപ്ളൈകോ സുസജ്ജമായി പഴയമട്ടിൽ പ്രവർത്തിച്ചുതുടങ്ങും. സബ്സിഡി ഉത്പന്നങ്ങൾക്ക് വിലകൂട്ടാനുള്ള നീക്കം സംസ്ഥാനത്തിന് പുറത്തുള്ള സപ്ളൈയർമാരിൽ വിശ്വാസമുണ്ടാക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തി പുതിയ കരാറുകളുണ്ടാക്കാനാണ് ശ്രമം.
വാർഷിക ഓഫറുകൾ ഗുണമായി
——————————————————–
വാർഷികത്തിന്റെ ഭാഗമായുള്ള വിലക്കുറവാണ് സബ്സിഡിയില്ലാത്ത സാധനങ്ങളുടെ കച്ചവടത്തിൽ വർദ്ധനയുണ്ടാക്കിയത്. സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് പദ്ധതി പ്രകാരം നൽകുന്നുണ്ട്.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നുണ്ട്. ഇതുവഴി 300രൂപ വിലയുള്ള ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നൽകുന്നതോടൊപ്പം 250ഗ്രാം ശബരി ലീഫ് ടീ സൗജന്യമായും നൽകും. ഉജാല,ഹെൻകോ,സൺ പ്ലസ് തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ,ഡിറ്റർജെന്റുകൾ എന്നിവയ്‌ക്കും വിലക്കുറവുണ്ട്. സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുവരെ പൊതുജനങ്ങൾക്ക് പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം.
പഴയ പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് സപ്ളൈകോ. ഒാണക്കാലം മുതൽ എല്ലാ സാധനങ്ങളും
ആവശ്യമായ തോതിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒാണത്തിന് മുമ്പ് 30 പുതിയ കേന്ദ്രങ്ങൾ കൂടി തുടങ്ങും.
മന്ത്രി ജി.ആർ.അനിൽ
Source link