ദുബായ്: പ്രവാസജീവിതവും തൊഴിലും സ്വപ്നം കാണുന്ന മിക്കവാറുംപേർ തിരഞ്ഞെടുക്കുന്ന ഗൾഫ് രാജ്യമാണ് യുഎഇ. മലയാളികളടക്കമുള്ള പ്രവാസികൾ തൊഴിലിനായി കൂടുതൽ തിരഞ്ഞെടുക്കുന്നത് ദുബായിയും അബുദാബിയുമാണ്. എന്നാൽ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവുകയാണ് യുഎഇയിലെ ഉയർന്ന ജീവിതച്ചെലവുകൾ. 2024ന്റെ ആദ്യ പകുതിയിൽ തന്നെ യുഎഇയിലെ ജീവിതച്ചെലവിന്റെ നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോള ഡേറ്റാബേസ് ദാതാവായ നമ്പിയോ (numbeo) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജീവിതച്ചെലവ് സൂചികയിൽ ദുബായുടെ റാങ്കിംഗ് 2024ന്റെ തുടക്കത്തിൽ 138 ആയിരുന്നത് വർഷം പകുതിയായപ്പോൾ 70 ആയി ഉയർന്നു. യുഎഇയിലെ മറ്റൊരു നഗരമായ അബുദാബിയുടെ റാങ്കിംഗ് 164ൽ നിന്ന് 75 ആയും ഉയർന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് ധാരാളം ഉപഭോക്തൃ ഉത്‌പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാൽ യുഎഇയിലെ പണപ്പെരുപ്പത്തെ ആഗോള ഘടകങ്ങളും സ്വാധീനിച്ചിട്ടുണ്ട്. ആഗോള വിലയുമായി പൊരുത്തപ്പെടുന്ന പെട്രോൾ വില ജനുവരിയിൽ ലിറ്ററിന് 2.71 ദിർഹത്തിൽ നിന്ന് മേയിൽ 3.22 ദിർഹമായി ഉയർന്ന് ജൂണിൽ 3.02 ദിർഹമായി കുറഞ്ഞു.
യുഎഇയിലെ വാടകനിരക്കിലും വർദ്ധനവുണ്ടായി. കൊവിഡ് വ്യാപനത്തിന് ശേഷമാണ് നിരക്ക് കുത്തനെ കൂടിയത്. ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള വിദേശികളുടെ എണ്ണത്തിലുണ്ടായ ഉയർച്ചയാണ് ഇതിന് ഒരു കാരണം. നഗരത്തിലെ വാടക രജിസ്‌ട്രേഷനുകളുടെ എണ്ണം മൊത്തം 255,178 ആയി ഉയർന്നുവെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2024 മേയ് വരെയുള്ള കണക്കാണിത്. മുൻവർഷത്തെ അപേക്ഷിച്ച് 5.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ കണക്കുകൾ പ്രകാരം എമിറേറ്റിലെ പണപ്പെരുപ്പം ജനുവരിയിൽ 109.91 ആയിരുന്നത് മേയിൽ 111.34 ആയി ഉയർന്നു. വെള്ളം, വൈദ്യുതി, പാചകവാതകം, മറ്റ് ഇന്ധനങ്ങൾ, ഫർണിഷിംഗ്, വീട്ടുപകരണങ്ങൾ, ഗതാഗതം എന്നിവയിൽ ഇതിന്റെ ആഘാതം പ്രതിഫലിച്ചു.
അവശ്യ ഉത്‌പന്നങ്ങളുടെ വിലയും പണപ്പെരുപ്പവും നിയന്ത്രിക്കാൻ യുഎഇ സാമ്പത്തിക മന്ത്രാലയം പാചക എണ്ണ, മുട്ട, പാലുത്‌പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവ ഉൾപ്പെടുന്ന ഒൻപത് അടിസ്ഥാന ഉത്‌പന്നങ്ങളുടെ വില പരിധി നിശ്ചയിച്ചു. വില വർദ്ധിപ്പിക്കുന്നതിന് റീട്ടെയിലർമാർ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണം.
അതേസമയം, അബുദാബി, ദുബായ് എമിറേറ്റുകളുടെ ജീവിത നിലവാര റാങ്കിംഗും ഉയർന്നിരിക്കുകയാണ്. അബുദാബി 54ൽ നിന്ന് 17 ആയും ദുബായ് 57ൽ നിന്ന് 49 ആയും ഉയർന്നു. കാനഡ, ജപ്പാൻ, യുഎസ്, ദക്ഷിണ കൊറിയ, സൗദി അറേബ്യ, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ യുഎഇയും ഉൾപ്പെട്ടിരിക്കുകയാണിപ്പോൾ.
Source link