രണ്ടാം കൃഷി മുടങ്ങുന്ന സ്ഥിതി
ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷി ആരംഭിച്ചിട്ടും നെൽ നൽകിയതിന്റെ തുക കിട്ടാതെ ആയിരക്കണക്കിന് കർഷകർ. കഴിഞ്ഞ പുഞ്ചകൃഷിയിലെ നെല്ലിന്റെ വിലയായ 200 കോടിയാണ് കിട്ടാനുള്ളത്.
ബാങ്ക് ലോൺ സപ്ളൈകോ തിരിച്ചടയ്ക്കാത്തതാണ് പ്രശ്നം. നെല്ല് സംഭരണത്തിന് ബാങ്കുകൾ നിശ്ചയിച്ചിട്ടുള്ള വായ്പാപരിധി കടക്കുകയും ചെയ്തു. ഇതോടെ കർഷകരുടെ അക്കൗണ്ടിലേക്ക് ബാങ്കുകൾ പണമിടാതായി.
എസ്.ബി.ഐയും കനറാ ബാങ്കും ഉൾപ്പെട്ട കൺസോർഷ്യമാണ് പാഡി റസീപ്റ്റ് ഷീറ്റുകൾ ഈടാക്കി സംഭരണവില വായ്പയായി അനുവദിക്കുന്നത്. 480 കോടിയാണ് എസ്.ബി.ഐ അനുവദിച്ചിട്ടുള്ള വായ്‌പാപരിധി. ഇതു കടന്നതോടെ എസ്.ബി.ഐ ലോൺ അനുവദിക്കുന്നത് കഴിഞ്ഞയാഴ്ച നിറുത്തി. സപ്ളൈകോ 100 കോടി രൂപ രണ്ട് ദിവസം മുമ്പ് ബാങ്കിന് കൈമാറിയെങ്കിലും 100 കോടി കൂടി ഇന്നോ നാളെയോ കൈമാറിയാലേ വായ്പ വീണ്ടും അനുവദിക്കൂവെന്നാണറിയുന്നത്.
കനറാ ബാങ്കിനും കോടികൾ കൊടുക്കാനുണ്ട്.
മേയ് ആദ്യവാരം വരെ സപ്ളൈകോയ്ക്ക് നെല്ല് കൈമാറിയ കർഷകർക്കാണ് ഏറ്റവും ഒടുവിൽ പണം ലഭിച്ചത്. മേയ് അവസാനവും ജൂണിലും നെല്ല് നൽകിയവർ വെള്ളത്തിലുമായി. രണ്ടാം കൃഷിയുടെ വായ്പയ്ക്ക് ബാങ്കിനെ സമീപിക്കാനാകാത്ത അവസ്ഥ. പി.ആർ.എസ് ലോണിലെ തിരിച്ചടവ് കുടിശ്ശിക സിബിൽ സ്കോറിനെ ബാധിക്കും. സ്വർണപ്പണയ വായ്പയുടെ പരിധി കുറച്ചതോടെ ആ പ്രതീക്ഷയുമടഞ്ഞു.
പുഞ്ചകൃഷിയിൽ
484.34 കോടി നഷ്ടം
ഇത്തവണ കൊടുംചൂടിൽ പുഞ്ചകൃഷിയിൽ വലിയ നഷ്ടമാണുണ്ടായത്
കതിരിട്ടതിൽ പകുതിയോളം കരിഞ്ഞു. കിട്ടിയ നെല്ലിന്റെ തൂക്കവും കുറഞ്ഞു
1.72 ലക്ഷം മെട്രിക്ക് ടൺ നെല്ലിന്റെ കുറവാണുണ്ടായത്
484.34 കോടിയുടെ നഷ്ടം കർഷകർക്കുണ്ടായെന്ന് കണക്കാക്കുന്നു
നെൽവില വിതരണം
(ജൂലായ് 10 വരെ)
കർഷകർ: 30877
സംഭരിച്ച നെല്ല്: 122814.757 ടൺ
വില: 347.81 കോടി
ബാങ്ക് കൺസോർഷ്യത്തിന് കുടിശ്ശിക കൈമാറിയാലേ പി.ആർ.എസ് ലോൺ അനുവദിക്കാനാകൂ
– എ.ജി.എം, എസ്.ബി.ഐ
സർക്കാർ നൽകാനുള്ളകുടിശ്ശികയുടെ പേരിൽ കർഷകന് നെൽവില നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല
-സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
Source link