മലബാറിൽ പ്ളസ് വണ്ണിന് 138 താത്കാലിക ബാച്ച്

#അനുവദിച്ചത് സർക്കാർ സ്കൂളുകളിൽ മാത്രം

#മലപ്പുറത്ത് 74 സ്കൂളുകളിലായി 120 ബാച്ച്

#കാസർകോട് 18 സ്‌കൂളുകളിലായി 18 ബാച്ച്

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി 138 താത്കാലിക ബാച്ചുകൾ അനുവദിച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

നിയമസഭയിൽ പ്രസ്താവന നടത്തി. മന്ത്രിസഭാ തീരുമാനമാണ് ഇങ്ങനെ അറിയിച്ചത്.

സർക്കാർ സ്കൂളുകളിലാണ് ഈ ബാച്ചുകൾ.

മലപ്പുറത്ത് 74 സ്‌കൂളുകളിലായി 120 ബാച്ചുകളും കാസർകോട് 18 സ്‌കൂളുകളിലായി 18 ബാച്ചുമാണ് അനുവദിച്ചത്. മലപ്പുറത്ത് സയൻസ് ബാച്ചില്ല. കൊമേഴ്സിൽ 61,ഹുമാനിറ്റീസിൽ 59 ബാച്ചുകളാണ് ഇവിടെ. ഒരു ബാച്ചിൽ 65 സീറ്റുവീതം 7800 സീറ്റാണ് മലപ്പുറത്ത് അനുവദിച്ചിരിക്കുന്നത്.

കാസർകോട് ജില്ലയിൽ ഒരു സയൻസ്,​ നാല് ഹ്യുമാനിറ്റീസ്,​ 13 കൊമേഴ്സ് എന്നിങ്ങനെയാണ് അനുവദിച്ചത്.1170 സീറ്റാണ് ഇവിടെ ലഭ്യമാകുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി.

138 താത്‌കാലിക ബാച്ചുകൾ അനുവദിക്കുന്നതിലൂടെ ഒരുവർഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാൽപതിനായിരം രൂപയുടെ (14,90,40,000) അധിക സാമ്പത്തിക ബാദ്ധ്യത പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

സീറ്റ് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിസംഘടനകൾ പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു.

വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായി ജൂൺ 25 ന് വിദ്യാഭ്യാസമന്ത്രി ചർച്ച നടത്തുകയും ബാച്ചുകൾ ശുപാർശ ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ‌രെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അവർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയത്.


Source link
Exit mobile version