പ്രതികൾക്കായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ നടപടി വേണം; കോൺഗ്രസ് നിയമവകുപ്പിന് പരാതി നൽകി
മാനന്തവാടി: വയനാട്ടിൽ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതികൾക്കായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കോൺഗ്രസ് പരാതി നൽകി. പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മുണ്ടക്കലിനെതിരെയാണ് പരാതി.
പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെ സർക്കാരിനെതിരെ ഹാജരായതിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമവകുപ്പ് മന്ത്രി പി രാജീവിനാണ് കോൺഗ്രസ് പരാതി നൽകിയത്. ജോഷി മുണ്ടക്കലിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന് ബി ജെ പിയും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഒൻപതിനായിരുന്നു സംഭവം. കുളിക്കാനായി എടുത്തുവച്ച ചൂടുവെള്ളത്തിൽ വീണാണ് മൂന്ന് വയസുകാരന് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ മാനന്തവാടിയിലെ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് അൽത്താഫ് ഇതിന് തയ്യാറായില്ല. ഇയാൾ നാട്ടുവൈദ്യനായ ഐക്കര കുടി ജോർജിനെ സമീപിക്കുകയായിരുന്നു. കുട്ടി മരിച്ചതിന് പിന്നാലെ പിതാവിനും നാട്ടുവൈദ്യനുമെതിരെ പൊലീസ് കേസെടുത്തു.
ജോഷി മുണ്ടക്കലാണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെ സർക്കാരിനെതിരെ വാദിച്ചത് ധാർമികതയ്ക്ക് വിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിലാണ് ജോഷി മുണ്ടക്കൽ പനമരം പൊലീസിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
Source link