വിഴിഞ്ഞം: കപ്പലെത്തി. ഇനി വേണ്ടത് അടിസ്ഥാന സൗകര്യങ്ങൾ. ആദ്യ മദർഷിപ്പ് ഇന്നലെ വിഴിഞ്ഞം തീരത്ത് അടുത്തു. കപ്പലിലെ കണ്ടയ്‌നറുകൾ യാർഡിലിറക്കി. ഇവ ഇനി ഫീഡർ കപ്പലുകളിലാവും ഇന്ത്യയിലെയും വിദേശത്തെയും വിവിധ സ്ഥലങ്ങളിലേക്ക് പോവുക. കരമാർഗ്ഗം ചരക്കുനീക്കം ഉടനുണ്ടാവില്ല. അതിനല്ല മുൻഗണനയെന്ന് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി വാസവൻ പറഞ്ഞിരുന്നു. എന്നാൽ ട്രാൻഷിപ്പ്മെൻറ് മാത്രമായാൽ നേട്ടം തുറമുഖ കമ്പനിക്ക് മാത്രമാകുമെന്നും രാജ്യത്തിനോ സംസ്ഥാനത്തിനോ കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.
റോഡ് മാർഗമായാൽ സാധാരണ ജനങ്ങൾക്കും പ്രയോജനകരമായ വ്യവസായങ്ങൾ വളരും. വ്യവസായ ഇടനാഴികൾ രൂപപ്പെടും. ചരക്കുകൾ പോകുന്ന റോഡുകൾക്ക് ഇരുവശവും ആക്രി മുതൽ ടയർ വ്യാപാരം വരെ വരും. പുതിയ ഉല്പന്ന നിർമ്മാതാക്കളും കയറ്റുമതി കമ്പനികളും കാർഗോ കമ്പനികളും വിഴിഞ്ഞത്ത് വരും. തുറമുഖ പ്രദേശത്തെ ഉൾപ്പെടെയുള്ള സാധാരണക്കാർക്കിടയിൽ സാമ്പത്തിക ഇടപെടലുകൾ ഉണ്ടാകും.കുടിൽ വ്യവസായങ്ങൾക്ക് സാധ്യതയേറും. നിരവധി പേർക്ക് തൊഴിൽ ലഭിക്കും.
വേഗത്തിലാക്കണം
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള റിംഗ് റോഡിന് കല്ലിട്ടതേ ഉള്ളൂ. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് പണം കിട്ടാത്തതിനാൽ സ്ഥലമേറ്റെടുക്കാനോ നഷ്ടപരിഹാരം നൽകാനോ കഴിയുന്നില്ല. തീരദേശ റോഡ് കല്ലിട്ടെങ്കിലും സ്ഥലമേറ്റെടുക്കലിൽ തട്ടി മുടങ്ങി. തുറമുഖ പ്രദേശത്തു നിന്നും കഴക്കൂട്ടം- കാരോട് ബൈപ്പാസുമായി ചേരുന്ന റോഡിന്റെ രൂപരേഖയിൽ ആശയ കുഴപ്പമുണ്ട്. ഇതിന് സമീപത്തു കൂടിയാണ് റിംഗ് റോഡ്.
സൈന്യത്തിനും വേണം പാത
തുറമുഖത്ത് അടിയന്തര സാഹചര്യമുണ്ടായാൽ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് സേനയ്ക്ക് എത്താൻ പ്രത്യേക പാത വേണമെന്ന ആവശ്യവുണ്ട്. സേനയ്‌ക്ക് എളുപ്പം ദേശീയ പാതയിൽ നിന്ന് പള്ളിച്ചൽ പുന്നമൂട് – വിഴിഞ്ഞം റോഡാണ്. നിലവിലുള്ള ഇടുങ്ങിയ റോഡിലൂടെ സേനയ്ക്ക് വേഗമെത്താനാവില്ല. തിരക്കേറിയ ബാലരാമപുരം – വിഴിഞ്ഞം റോഡും വീതി കൂട്ടണം. ചരക്ക് നീക്കത്തിന് റെയിൽവേ ലൈനും പൂർത്തിയാക്കണം.
Source link