ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരിക്കലും പെട്രോൾ അടിക്കരുതേ; ഒരു ബാങ്കും  നിങ്ങളോട് പറയാത്ത ചില കാര്യങ്ങൾ  ഉണ്ട്

ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡുകൾ ഇല്ലാത്ത ആളുകൾ കുറവാണ്. ചെറിയ ജോലി കിട്ടിയാൽ ഉടൻ ബാങ്കുകൾ തന്നെ നമ്മെ സമീപിച്ച് ക്രെഡിറ്റ് കാർഡുകൾ ഓഫർ ചെയ്യാറുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡ് സൗകര്യം നൽകുന്നുണ്ട്. എന്നാൽ ഇവയുടെ ഉപയോഗം മനസിലാക്കാതെ ചാടിക്കയറി എടുത്താൽ വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് ഇത് നയിക്കുമെന്ന് ഉറപ്പ്.

ക്രെഡിറ്റ് കാർഡ് കമ്പനികളും ബാങ്കും വ്യത്യസ്ത പേരുകളിൽ ഗണ്യമായ ഫീസ് ഇതിനായി ഈടാക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡിന്റെ എല്ലാ നിരക്കുകളെയും പറ്റി ബാങ്ക് പറയണമെന്നില്ല. കാർഡ് അനുവദിക്കുന്നതിന് മുൻപ് നിരവധി പേപ്പറുകൾ നാം ഒപ്പിട്ട് നൽകുമെങ്കിലും അത് ശരിയായി വായിച്ച് നോക്കുന്നവർ കുറവാണ്. അതിനാൽ തന്നെ ക്രെഡിറ്റ് കാർഡ് ഉള്ളവരും എടുക്കാൻ ആലോചിക്കുന്നവരും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ജോയിനിംഗ് ഫീസും വാർഷിക ചാർജും

മിക്ക ക്രെഡിറ്റ് കാർഡുകൾക്കും ജോയിനിംഗ് ഫീസും വാർഷിക ചാർജുമുണ്ട്. കാർഡ് വഴി ലഭിക്കുന്ന സേവനങ്ങൾക്ക് കാർ‌ഡ് അനുവദിക്കുന്ന കമ്പനി ഈടാക്കുന്ന ചാർജുകളാണ് ഇവ. ജോയിനിംഗ് ഫീസായി ഒരു നിശ്ചിത തുക ഒറ്റത്തവണയാണ് ഈടാക്കുന്നത്. എന്നാൽ വാർഷിക ചാർജ് എല്ലാ വർഷവും ആവർത്തിക്കുന്നു. കാർഡിന്റെ തരവും ലഭിക്കുന്ന സേവനങ്ങളും അനുസരിച്ച് 100 രൂപ മുതൽ ആയിരക്കണക്കിന് രൂപ വരെ വാർഷിക ഫീസായി ഈടാക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉണ്ട്.

ഫിനാൻഷ്യൽ ചാർജ്

ക്രെഡിറ്റ് കാർഡിലെ ചെലവാക്കലുകളെ ബാധിക്കുന്നവയാണ് ഫിനാഷ്യൽ ചാ‌ർജും പലിശ നിരക്കും. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ മുഴുവനായും അടച്ചില്ലെങ്കിൽ ബാക്കിയുള്ള ബാലൻസിന് ബാങ്ക് ഫിനാൻസ് ചാർജുകൾ ബാധകമാക്കുന്നു. മുഴുവൻ ബില്ലും അടയ്ക്കുക എന്നതാണ് ഇത് ഒഴിവാക്കാനുള്ള മാർഗം. പലിശ നിരക്ക് ഓരോ കമ്പനികളിലും വ്യത്യസ്തമായിരിക്കും. അതിനാൽ കമ്പനികൾ ഈടാക്കുന്ന പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതിയും അറിഞ്ഞിരിക്കണം.

ക്യാഷ് അഡ്വാൻസ് ഫീസ്

നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ക്രെഡിറ്റ് കാർഡ് കമ്പനികളോ ബാങ്കുകളോ ഒരു നിശ്ചിത ഫീസ് ഈടാക്കുന്നു. ഇത് ബാങ്കുകളെ അനുസരിച്ചും നിങ്ങളുടെ കാർഡിന്റെ തരമനുസരിച്ചും മാറാം.

പമ്പുകളിലെ സർചാർജ്

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പമ്പുകളിൽ നിന്ന് പെട്രോളോ ഡീസലോ വാങ്ങുമ്പോൾ അതിന് സർചാർജ് ഈടാക്കുന്നു. എന്നാൽ ഇതിനെക്കുറിച്ച് അധികമാർക്കും അറിയില്ലെന്നതാണ് സത്യം. ഇത്തരത്തിൽ പമ്പുകളിൽ ഉപയോഗിക്കാൻ ഫ്യുവൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നതാണ് നല്ലത്. അല്ലാതെ അതിന് സാധാരണ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഒരു നിശ്ചിത തുക കൊടുക്കേണ്ടിവരും.

ഫോറെക്‌സ് മാർക്ക്‌അപ്പ് ഫീസ്

വിദേശ ഇടപാടുകൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ബാങ്ക് ഫോറെക്‌സ് മാർക്ക്‌അപ്പ് ഫീസ് ഈടാക്കുന്നു. ഇത് ബാങ്കിനും കാർഡിനും അനുസരിച്ച് മാറുന്നു.

കാർഡ് റീപ്ലേസ്മെന്റ് ഫീസ്

ഒരു കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പകരം കാർഡ് നൽകാൻ കമ്പനി ഈടാക്കുന്ന നിരക്കാണിത്. ഒട്ടുമിക്ക കാർഡും ഇത് ഈടാക്കുന്നുണ്ട്. അടുത്തിടെ ഇതിന്റെ നിരക്ക് ചില കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു.

ഓവർ ലിമിറ്റ് ചാർജ്

ചില കാർഡുകളിൽ പരിധിക്കപ്പുറവും ഉപയോക്താക്കളെ ഉപയോഗിക്കാൻ അനുവദിക്കുന്നു. അത്തരം ഇടപാടുകൾക്ക് ബാങ്കുകളോ കാർഡ് കമ്പനിയോ ഓവർ ലിമിറ്റ് ഫീസ് ഈടാക്കുന്നു. ചില ഉപയോക്താക്കൾ പരിധി അറിയാതെ ഉപയോഗിക്കാറുണ്ട്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് നയിക്കും. അതിനാൽ ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കൃത്യമായി പരിശോധിക്കുക. അനുവദിച്ച ക്രെഡിറ്റ് പരിധിക്കുള്ളിൽ നിൽക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.


Source link
Exit mobile version