KERALAMLATEST NEWS

തലച്ചോറിന്റെ പ്രായമാകലിനെ പിടിച്ചുകെട്ടാനാകുമോ? എഐ ഉണ്ടെങ്കിൽ സാധിക്കുമെന്ന് ശാസ്‌ത്രജ്ഞർ

പ്രായത്തെ മറയ്ക്കാനുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവർ ഇന്ന് നിരവധിയാണ്. മുഖത്തെയും ശരീരത്തിലെയും ചുളിവുകളും പാടുകളും അകറ്റി വാർദ്ധക്യത്തെ തോൽപ്പിക്കുന്ന അനേകം ‘ആന്റി ഏജിംഗ്’ ഉത്‌പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. പ്രായത്തെ പിടിച്ചുകെട്ടാൻ കഠിനമായ വർക്ക് ഔട്ടുകളും മറ്റ് വ്യായാമങ്ങളും പതിവാക്കുന്നവരുമുണ്ട്.

ആരോഗ്യകരമായ ജീവിതശൈലിയിലുടെ രോഗങ്ങളെ അകറ്റി ആയുസ് വർദ്ധിപ്പിക്കാമെന്ന് വിശ്വസിക്കുന്നവരും അനവധിയുണ്ട്. എന്നാൽ വളർന്നുവരുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രായം കൂടുന്നത് തടയാനാകുമോയെന്ന ആലോചനയിലാണ് ശാസ്ത്ര‌ജ്ഞർ. പ്രായം കൂടുന്തോറും മസ്‌തിഷ്‌കത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കി പ്രായമാകൽ പ്രക്രിയ മന്ദഗതിയിലാക്കാൻ കഴിയുമോയെന്ന ആലോചനയിലാണ് ശാസ്‌ത്രജ്ഞർ.

ലോകത്താകമാനമുള്ള ആരോഗ്യരംഗത്ത് വൻ പുരോഗതികളാണ് ദിനംപ്രതി അവതരിപ്പിക്കപ്പെടുന്നത്. ഇതിൽ നിർണായകമായ ഒന്നാണ് നേരത്തെയുള്ള രോഗനിർണയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഇതിന് സാദ്ധ്യമാകുമെന്നാണ് ശാസ്‌ത്രജ്ഞർ വിലയിരുത്തുന്നത്. ദക്ഷിണ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് മസ്തിഷ്‌കത്തിന്റെ ആരോഗ്യക്കുറിച്ച് പഠിക്കുകയും തലച്ചോറിന്റെ പ്രായമാകൽ തടയാനാകുമോയെന്ന് പരിശോധിക്കുകയും ചെയ്യുന്നത്.

മസ്തിഷ്കത്തിന് പ്രായമാകുന്നതെങ്ങനെയെന്ന് വിലയിരുത്തുകയും അവയുടെ പ്രായമാകൽ പ്രവചിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടർ മോഡലുകൾ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. എംആർഐ സ്‌കാനുകൾ, 15,000 മസ്‌തിഷ്‌ക കോശങ്ങളിൽ നിന്നുള്ള വിവരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് തരത്തിലെ മസ്‌തിഷ്‌കങ്ങളിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്. ആരോഗ്യകരമായി പ്രായമാകുന്ന മസ്‌തിഷ്‌കങ്ങളിലും മറവിരോഗം പോലുള്ള രോഗങ്ങളുള്ളവയിലുമാണ് പരീക്ഷണങ്ങൾ നടത്തുന്നത്. മനുഷ്യർക്ക് കണ്ടുപിടിക്കാൻ നിറയെ വെല്ലുവിളികളുള്ള മേഖലയാണിതെന്നും എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇത് എളുപ്പത്തിൽ സാധിക്കുമെന്നും കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ആൻഡ്രൈ ഇറിമിയ പറയുന്നു.

കഴിഞ്ഞ 200 വർഷമായി ആയുർദൈർഘ്യത്തിൽ ഉണ്ടായ വർദ്ധന വാർദ്ധക്യസഹജമായ രോഗങ്ങൾക്കും കാരണമായതായി ശാസ്‌ത്രജ്ഞർ വിലയിരുത്തുന്നു. എന്നിരുന്നാലും മികച്ച ഭക്ഷണരീതി, മാനസികാരോഗ്യം, വ്യായാമം എന്നിവയ്ക്ക് മസ്‌തിഷ്‌കത്തിന്റെ പ്രായമാകലിനെ സ്വാധീനിക്കാൻ സാധിക്കുമെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. ഇവയ്ക്കൊപ്പം പ്രധാനമാണ് കൃത്യമായ ഉറക്കം. തലച്ചോറിന്റെയും ശരീരത്തിന്റെയും ആരോഗ്യം പുനഃസ്ഥാപിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം ഉറക്കമാണെന്ന് കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോസയൻസ് പ്രൊഫസറായ മാത്യു വാൽക്കർ വ്യക്തമാക്കുന്നു. ഒരു വ്യക്തി ഉറങ്ങുന്ന സമയത്ത് മസ്‌തിഷ്‌കം ശുദ്ധീകരണ പ്രവൃത്തികളും നിർവഹിക്കുന്നു. മറവി രോഗമായ അൽഷിമേഴ്‌സിന് കാരണമായ ബീറ്റാ അമിലോയിഡ്, ടൗ പ്രോട്ടീനുകൾ എന്നിവയെ മനുഷ്യൻ ഉറങ്ങുന്ന സമയം തലച്ചോർ കഴുകികളയുന്നു.

ഉറക്കരീതികളിലെ മാറ്റങ്ങൾ ഡിമൻഷ്യയുമായും ബന്ധപ്പെട്ടിരിക്കുന്നു. പണ്ടുകാലത്ത് 60ഉം 70ഉം വയസുകളിൽ കാണപ്പെട്ടിരുന്ന ഡിമൻഷ്യ പോലുള്ള മറവി രോഗങ്ങൾ ഇന്ന് 30കളിൽതന്നെ കാണപ്പെട്ട് തുടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ മികച്ച ഉറക്കം മസ്‌തിഷ്‌‌കത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃത്യമായ ചികിത്സ നൽകാതെയുള്ള വിഷാദരോഗങ്ങളും ഡിമൻഷ്യയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.


Source link

Related Articles

Back to top button