ചിരിയും കരച്ചിലും തുടങ്ങിയാൽ നിർത്താൻ പറ്റില്ല, അനുഷ്ക ഷെട്ടിയുടേത് അപൂർവരോഗമോ?
അനുഷ്ക ഷെട്ടിയുടേത് അപൂർവരോഗമോ – Anushka Shetty | Laughing Disease | Health
ചിരിയും കരച്ചിലും തുടങ്ങിയാൽ നിർത്താൻ പറ്റില്ല, അനുഷ്ക ഷെട്ടിയുടേത് അപൂർവരോഗമോ?
ആരോഗ്യം ഡെസ്ക്
Published: July 12 , 2024 07:37 AM IST
1 minute Read
അനുഷ്ക ഷെട്ടി. Image Credit: instagram.com/anushkashettyofficial/
ചിരിയോ കരച്ചിലോ ആരംഭിച്ചാല്‍ അത് ഉടനെയൊന്നും നിര്‍ത്താന്‍ പറ്റാത്ത നാഡീവ്യൂഹസംബന്ധമായ രോഗമാണ് ലാഫിങ് ഡിസീസ്. സ്യൂഡോബുള്‍ബാര്‍ അഫക്ട്(പിബിഎ) എന്ന് കൂടി അറിയപ്പെടുന്ന ഈ അപൂര്‍വ രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്‌ക ഷെട്ടി. 15-20 മിനിട്ടൊക്കെ തുടര്‍ച്ചയായി ചിരി വരുന്ന ഈ പ്രശ്‌നം മൂലം പലപ്പോഴും തനിക്ക് ഷൂട്ടിങ് ഇടയ്‌ക്ക് നിര്‍ത്തി വയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞു.
ഒരു വ്യക്തിയുടെ അപ്പോഴത്തെ വൈകാരിക അവസ്ഥയുമായി ബന്ധമില്ലാത്ത അനിയന്ത്രിതമായ ചിരിയും കരച്ചിലുമാണ് ലാഫിങ് ഡിസീസിന്റെ പ്രധാന ലക്ഷണം. അനുഷ്‌കയ്‌ക്ക് ഇത് ചിരിയുടെ രൂപത്തിലാണ് പലപ്പോഴും പ്രത്യക്ഷമായതെങ്കിലും പിബിഎ ബാധിതരില്‍ പലരും കരച്ചില്‍ നിര്‍ത്താനാണ് ബുദ്ധിമുട്ടാറുള്ളത്.
നാഡീവ്യൂഹപരമായ എന്തെങ്കിലും ക്ഷതമോ പരുക്കോ മൂലമാകാം ലാഫിങ് ഡിസീസ് ഉണ്ടാകുന്നത്. മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസ്, അമിയോട്രോപിക് ലാറ്ററല്‍ സ്‌ക്ലീറോസിസ്(എഎല്‍എസ്), ട്രോമാറ്റിക് ബ്രെയ്‌ന്‍ ഇഞ്ച്വറി(ടിബിഐ), പക്ഷാഘാതം, അല്‍സ്‌ഹൈമേഴ്‌സ് രോഗം, പാര്‍ക്കിന്‍സണ്‍സ് എന്നിവയുമായും പിബിഎ ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിനുണ്ടാകുന്ന ഘടനാപരവും പ്രവര്‍ത്തനപരവുമായ അസാധാരണത്വങ്ങള്‍ വൈകാരിക നിയന്ത്രണവുമായി ബന്ധപ്പെട്ട തലച്ചോറിലെ കേന്ദ്രത്തെ ബാധിക്കുന്നതും പിബിഎയിലേക്ക് നയിക്കാം. ചില തരം മരുന്നുകള്‍ ന്യൂറോട്രാന്‍സ്‌മിറ്റര്‍ തോതിനെ ബാധിക്കുന്നതും ഇത്തരം ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്. ജനിതകപരമായും ഈ രോഗം പകരാം.
പലപ്പോഴും പ്രായമായവരിലാണ് ഈ രോഗാവസ്ഥ കണ്ടു വരുന്നതെന്ന് ഷാല്‍ബി സനാര്‍ ഇന്റര്‍നാഷണല്‍ ഹോസ്‌പിറ്റല്‍സിലെ ന്യൂറോളജി വിഭാഗം തലവന്‍ ഡോ.സുനില്‍ സിംഗ്ല ഹെല്‍ത്ത്‌ഷോട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അനിയന്ത്രിമായ കരച്ചിലാണ് മുഖ്യ ലക്ഷണമെന്നതിനാല്‍ പിബിഎ പലപ്പോഴും വിഷാദരോഗമായി തെറ്റിദ്ധരിക്കാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതേ സമയം ഉറക്കമില്ലായ്‌മ, വിശപ്പില്ലായ്‌മ പോലുള്ള വിഷാദരോഗ ലക്ഷണങ്ങള്‍ പിബിഎയുമായി ബന്ധപ്പെട്ട് കാണപ്പെടാറില്ല. ഈ രോഗം ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കണ്ട് രോഗനിര്‍ണ്ണവും ചികിത്സയും നടത്തേണ്ടതാണ്.
പിബിഎയ്‌ക്കുള്ള ചികിത്സ ലക്ഷണങ്ങളെ നിയന്ത്രിച്ച് വ്യക്തിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. കൃത്യമായ ചികിത്സ പദ്ധതി ഈ രോഗത്തിന് ലഭ്യമല്ല. ആന്റി-ഡിപ്രസന്റ് മരുന്നുകളും ന്യൂറോട്രാന്‍സ്‌മിറ്ററുകളെ സ്വാധീനിക്കുന്ന മരുന്നുകളും കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയുമൊക്കെ ഇതിനായി ഉപയോഗിക്കാറുണ്ട്
English Summary:
Anushka Shetty Laughing Disease
mo-health-healthnews 4lt8ojij266p952cjjjuks187u-list mo-entertainment-movie-anushkashetty 2o030amjr0ltmci97tdnafm8cn mo-health 6r3v1hh4m5d4ltl5uscjgotpn9-list mo-health-raredisease mo-health-neurological-disorders