KERALAMLATEST NEWS

വിശ്വാസ്യതയിൽ കേരളകൗമുദി മുന്നിൽ: ഗവർണർ

തിരുവനന്തപുരം: വ്യാജ വാർത്തകളും ആഖ്യാനകഥകളും മെനഞ്ഞ് മാദ്ധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസ്യത നിലനിറുത്തുന്നതിൽ പോസിറ്റീവ് ‌ജേർണലിസം തുടരുന്ന കേരളകൗമുദിയുടെ പങ്ക് വളരെ വലുതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമൂഹത്തിന്റെയും മനുഷ്യരാശിയുടെയും ഭാവി പ്രതീക്ഷകൾക്ക് വെളിച്ചമേകാൻ കഴിയുന്ന നിരവധി വാർത്തകൾ കേരളകൗമുദി പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്ന ലെഗസി മേക്കേഴ്സ് പുരസ്‌കാര ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കൗമുദി” യുടെ അർത്ഥമായ നിലാവ് എന്ന നിലയിലാണ് സാധാരണ ജനങ്ങൾക്ക് വേണ്ടിയും അധഃസ്ഥിതരുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയും കേരളകൗമുദി പ്രകാശഗോളമായി നിലനിന്നിട്ടുള്ളതെന്നും ഗവർണർ പറഞ്ഞു. വ്യാജ വാർത്തകൾ ചമയ്ക്കുന്നത് വിലകുറഞ്ഞ രീതിയാണെന്നും യഥാർത്ഥ പത്രപ്രവർത്തനം ചെലവേറിയതാണെന്നും മാദ്ധ്യമങ്ങൾ തിരിച്ചറിയണം. പത്രപ്രവർത്തനത്തിന്റെ നിലവാരം താഴ്‌ത്തുന്ന ഏത് പ്രവർത്തനവും ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി ഉപഹാരം നൽകി ഗവർണറെ ആദരിച്ചു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി, ജനറൽ മാനേജർ ( മാർക്കറ്റിംഗ് )​ഷിറാസ് ജലാൽ,ചീഫ് മാനേജർ (മാർക്കറ്റിംഗ് )​എസ്.വിമൽകുമാർ,ജനറൽ മാനേജർ (ഡെബ്റ്റേഴ്സ് മാനേജ്മെന്റ് )​ അയ്യപ്പദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളായ ന്യൂറോളജിസ്റ്റ് ഷാജി പ്രഭാകരൻ, ന്യൂ രാജസ്ഥാൻ ഉടമ സി.വിഷ്ണുഭക്തൻ, എസ്.യു.ടി ഹോസ്‌പിറ്റൽ സി.ഇ.ഒ കേണൽ രാജീവ് മണ്ണാളി, എസ്.പി ഫോർട്ട് ആശുപത്രി സി.ഇ.ഒ ഡോ.പി.അശോകൻ, എസ്.കെ. ആശുപത്രി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കെ.എൻ.ശിവൻകുട്ടി, കാർഡിയോ തൊറാസിക് സർജൻ ഡോ.സുമിത്രൻ ഗംഗാധരൻ, പൗർണമിക്കാവ് ക്ഷേത്രം ചെയർമാൻ കെ.ശശിധരക്കുറുപ്പ്, കസവുകട മാനേജിംഗ് പാർട്ണർ സുശീലൻ സുകുമാരപ്പണിക്കർ, ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, വൃന്ദാവൻ ഗ്രൂപ്പ് എം.ഡി ഡോ.അജീഷ് കുമാർ, ഇന്ത്യൻ നാഷണൽ ഇൻ‌സ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ കോൺഗ്രസ് സ്ഥാപക പ്രസിഡന്റ് ഡോ. എസ്.പി.അശോക് കുമാർ, സിദ്ധ ഡോക്ടർ ജെ.എസ്.വിവേക് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.


Source link

Related Articles

Back to top button