ബൈഡനെതിരേ ക്ലൂണിയും; മത്സരിച്ചാൽ ജയിക്കില്ല

വാഷിംഗ്ടൺ ഡിസി: നവംബറിലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാനായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമേൽ സമ്മർദമേറുന്നു. ബൈഡൻ പിന്മാറണമെന്ന് സ്വന്തം ഡെമോക്രാറ്റിക് പാർട്ടിയിലെ ഒട്ടേറെ നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. പാർട്ടിക്കുവേണ്ടി ഫണ്ട് പിരിച്ചെടുക്കാൻ നേതൃത്വം നല്കുന്ന പ്രമുഖ ഹോളിവുഡ് നടൻ ജോർജ് ക്ലൂണിയും ഈ ആവശ്യവുമായി രംഗത്തുവന്നു. ബൈഡനെ വച്ച് ഈ തെരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് ന്യൂയോർക്ക് ടൈംസ് പത്രത്തിലെഴുത്തിയ ഓപ്പൺ എഡിറ്റോറിയയിൽ ക്ലൂണി ചൂണ്ടിക്കാട്ടി. ബൈഡന്റെ പ്രായമാണ് പ്രശ്നം. പല പാർട്ടി നേതാക്കളും തന്റെ ഉത്കണ്ഠ പങ്കുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം എഴുതി. മറ്റൊരു ഹോളിവുഡ് നടനും ഫണ്ട് സംഘാടകനുമായ മൈക്കൾ ഡഗ്ലസും ബൈഡന്റെ വിജയ സാധ്യതയിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരരംഗത്തു തുടരുന്നുണ്ടോ എന്ന കാര്യത്തിൽ ബൈഡന്റെ തീരുമാനം ഉടൻ വേണമെന്നും സമയം കുറവാണെന്നും മുതിർന്ന ഡെമോക്രാറ്റിക് നേതാവും മുൻ സ്പീക്കറുമായ നാൻസി പെലോസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് എതിരാളിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപുമായി ജൂൺ 27നു നടത്തിയ സംവാദത്തിൽ അന്പേ പരാജയപ്പെട്ടതിനു പിന്നാലെയാണ് ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തിപ്പെട്ടത്. എൺപത്തൊന്നുകാരനായ ബൈഡന് ട്രംപിനെ തോല്പിക്കാൻ കഴിയില്ലെന്ന വികാരം ഡെമോക്രാറ്റിക് പാർട്ടിയിൽ ശക്തമാണ്. പാർട്ടിയിലെ ഒരു ഡസനോളം കോൺഗ്രസ് അംഗങ്ങൾ ഇക്കാര്യം പരസ്യമായി ഉന്നയിച്ചുകഴിഞ്ഞു. അതേസമയം ട്രംപിനെതിരായ മത്സരത്തിൽനിന്നു പിന്നോട്ടില്ലെന്നാണ് ബൈഡൻ പറഞ്ഞിരിക്കുന്നത്.
Source link