മഹാത്മാഗാന്ധി വരെ വിദേശത്താണ് പഠിച്ചതെന്ന് മന്ത്രി; ചൊറിഞ്ഞ് സംസാരിക്കരുതെന്ന് പ്രതിപക്ഷം, സഭയിൽ പോര്
തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിൽ വാക്‌പോര്. ഏറ്റവും ഗൗരവമുള്ള വിഷയത്തിൽ മന്ത്രി ചൊറിഞ്ഞുകൊണ്ട് സംസാരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ പണം പുറത്തേക്ക് പോകുന്നുവെന്നും കുട്ടികൾ വിദേശത്തേക്ക് പോകുന്നത് വീട് പണയപ്പെടുത്തിയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. എന്നാൽ വിദേശത്ത് പോകുന്ന വിദ്യാർത്ഥികളെ തടയേണ്ട ആവശ്യമില്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥികളുടെ വിദേശപഠനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഭരണകക്ഷി എംഎൽഎ ശ്രീനിജനും ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിച്ചത് ധിക്കാരത്തോടെയാണെന്നും വിരൽചൂണ്ടി സംസാരിച്ചതിൽ പ്രതിഷേധമുണ്ടെന്നും ആർ ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവിന് പുച്ഛവും ധാർഷ്ട്യവുമാണെന്ന് മന്ത്രി എംബി രാജേഷും കുറ്റപ്പെടുത്തി. നിങ്ങൾക്കുമാകാം തിരുത്തലെന്നായിരുന്നു സ്പീക്കർ ഭരണപക്ഷത്തോട് പറഞ്ഞത്. വിദേശത്തേക്ക് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമായിരുന്നു മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ആഗോള പ്രതിഭാസമാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
കേരളത്തിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ കുടിയേറ്റം നടത്തുന്നതെന്നും രാജ്യത്തെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന പ്രധാന ഘടകം. സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് തകർച്ചയില്ല. രാജ്യാന്തര തലത്തിൽ സർവ്വകലാശാലയുടെ കീർത്തി വർദ്ധിക്കുകയാണ്. വിദ്യാർത്ഥികൾ വിദേശ രാജ്യത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ വിദേശത്താണ് പഠിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ വാക്കൗട്ട് പ്രസംഗം
എല്ലാ വിദേശരാജ്യങ്ങളിലേക്കും പോകുന്നത് ഇപ്പോൾ വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്. റോഡിന്റെ ഇരുവശത്തുമുള്ള പരസ്യ ബോർഡുകൾ പോലും റിക്രൂട്ടിങ് ഏജൻസികളുടേതാണ്. ജവഹർലാൽ നെഹ്റു ഓക്സ്‌ഫോർഡിലും കേംബ്രിഡ്ജിലും പഠിച്ചതു പോലുള്ള ട്രെൻഡാണോ ഇപ്പോൾ കേരളത്തിലുള്ളത്. എത്ര ലാഘവത്തോടെയാണ് സാമൂഹിക പ്രശ്നത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കൈകാര്യം ചെയ്തത്.
പണ്ടു കാലത്ത് ഗൾഫിലേക്ക് മൈഗ്രേഷൻ നടന്നപ്പോൾ ആരും ഉത്കണ്ഠ പറഞ്ഞിരുന്നില്ല. അതിനു കാരണം അവിടേക്ക് ആളുകൾ ജോലിക്ക് പോയതാണ്. അവിടെ നിന്നും വരുമാനം നാട്ടിലേക്ക് എത്തും. കുറേക്കാലം കഴിയുമ്പോൾ മടങ്ങിയെത്തുന്നവർ ഏറ്റവും കുറഞ്ഞത് ഒരു ബേക്കറിയെങ്കിലും തുടങ്ങും. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ തന്നെ നട്ടെല്ലായിരുന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള മൈഗ്രേഷൻ. എന്നാൽ ഇപ്പോഴത്തെ ട്രെൻഡിനെ അങ്ങനെയാണോ കാണേണ്ടത്?
മന്ത്രി പറയുന്നത് കേട്ടാൽ തോന്നും കേരളത്തിലെ പ്രതിപക്ഷം കുട്ടികൾ വിദേശത്ത് പോയി പഠിക്കുന്നതിന് എതിരാണെന്ന്. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസരം കിട്ടിയാൽ അവർ പോയി പഠിക്കട്ടെ. അതിനൊന്നും ഞങ്ങൾ എതിരല്ല. പക്ഷെ അതാണോ ഇപ്പോൾ കാണുന്നതെന്ന് നിങ്ങൾ നെഞ്ചിൽ കൈ വച്ച് ചോദിക്ക്. വീട് പണയപ്പെടുത്തി 45 ലക്ഷം വാങ്ങി, ഏത് സ്ഥാപനങ്ങളിലേക്കാണ് പോകുന്നതെന്നു പോലും ആ പാവങ്ങൾക്ക് അറിയില്ല.
കാനഡയിലെ യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചാൽ നല്ലതാണ്. പക്ഷെ നമ്മുടെ നാട്ടിലെ ഏറ്റവും നിലവാരം കുറഞ്ഞ സ്ഥാപനങ്ങളേക്കാൾ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിലേക്കാണ് ഈ കുട്ടികളിൽ പലരും പോകുന്നത്. അവിടെ പോയി പഠിച്ച് ജോലി കിട്ടാതെ മലയാളി അസോസിയേഷനുകളോട് റക്കമെൻഡ് ചെയ്യണമെന്ന് പറയുന്ന മാതാപിതാക്കളുണ്ട്. 34 മുതൽ 45 ലക്ഷം വരെയാണ് എല്ലാ വീടുകളിൽ നിന്നും നഷ്ടമാകുന്നത്. ഇത്തരത്തിൽ 2000, 3000 കോടി രൂപയാണ് കേരളത്തിൽ നിന്നും നഷ്ടപ്പെടുന്നത്. അടുത്ത വർഷമാകുമ്പോൾ അത് 5000 കോടിയാകും.
Source link