യുവേഫ യൂറോ കപ്പ് സെമിയിൽ ഇംഗ്ലണ്ട് 2-1ന് നെതർലൻഡ്സിനെ കീഴടക്കിയപ്പോൾ 18-ാം മിനിറ്റിൽ ഹാരി കെയ്നു ലഭിച്ച പെനാൽറ്റി സംബന്ധിച്ച് വിവാദം പുകയുന്നു. ഏഴാം മിനിറ്റിൽ പിന്നിലായ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് ഹാരി കെയ്ന്റെ ഈ പെനാൽറ്റി ഗോളിലൂടെയായിരുന്നു. എന്നാൽ, പെനാൽറ്റി വിധിക്കേണ്ട കുറ്റം നടന്നില്ലെന്നും റഫറി പെനാൽറ്റി ഇംഗ്ലണ്ടിനു സമ്മാനിക്കുകയായിരുന്നെന്നും നെതർലൻഡ് താരങ്ങൾ ആരോപിച്ചു. നെതർലൻഡ്സ് ബോക്സിനുള്ളിൽവച്ച് ഷോട്ട് എടുക്കാൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ ശ്രമിച്ചു. അതേസമയം ആ പന്തിനായി നെതർലൻഡ്സിന്റെ ഡംഫ്രിസും എത്തി. ഹാരി കെയ്ന്റെ ഷോട്ടിനു പിന്നാലെയായിരുന്നു ഡംഫ്രിസിന്റെ ബ്ലോക്ക്. അതോടെ ഡംഫ്രിസിന്റെ ഉള്ളംകാലിൽ ഹാരി കെയ്ന്റെ കാൽപ്പത്തി കൊണ്ടു. വേദനയാൽ ഹാരി കെയ്ൻ വീണു. റഫറി വിഎആർ പരിശോധിച്ചു പെനാൽറ്റി വിധിച്ചു. ആരാധകർ ഏറ്റുമുട്ടി തോൽവിക്കുപിന്നാലെ മത്സരം നടന്ന ഡോർട്ട്മുണ്ടിൽ നെതർലൻഡ്സ് ആരാധകരുടെ കയ്യാങ്കളിയായിരുന്നു. 80,000 ഓറഞ്ച് ആരാധകരായിരുന്നു മത്സരത്തിനു സാക്ഷ്യംവഹിക്കാനായി നഗരത്തിൽ എത്തിയത്. ഇവർ ഇംഗ്ലീഷ് ആരാധകരെ കൈയേറ്റം ചെയ്തു. കരുതിക്കൂട്ടിയുള്ള ബ്ലോക്ക് അല്ലായിരുന്നെന്നും പെനാൽറ്റി വിധിച്ച റഫറി ഫെലിക്സ് സ്വയറിനെ കരിന്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും മുൻ നെതർലൻഡ്സ് താരം പിയറി വാൻ ഹൂജിഡോങ്ക് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് മുൻ താരങ്ങളായ ഗാരി നെവില്ലും ജാമി കാരഗറും റഫറിയുടെ തീരുമാനം കടുത്തതായിരുന്നു എന്ന നിലപാടാണ് സ്വീകരിച്ചത്. മത്സരം പുരോഗമിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഉറച്ച ഗോൾ ഗോൾ ലൈനിൽവച്ച് ഡംഫ്രിസ് സ്റ്റോപ്പ് ചെയ്തതും ശ്രദ്ധേയമായി.
Source link