ഷാർലെറ്റ് (നോർത്ത് കരോളൈന): ടൂർണമെന്റിൽ ആറാം തവണയും ഗോളിനു വഴിയൊരുക്കിയ നായകൻ ഹാമിഷ് റോഡ്രിഗസിന്റെ മികവിൽ കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. ആദ്യപകുതിയിൽ തന്നെ പത്തുപേരായി ചുരുങ്ങിയ കൊളംബിയ 1-0ന് ഉറുഗ്വെയെ തോൽപ്പിച്ചു. 23 വർഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്കയുടെ ഫൈനലിൽ പ്രവേശിക്കുന്നത്. ഫൈനലിൽ തുടർച്ചയായ രണ്ടാം കിരീടം തേടുന്ന അർജന്റീനയാണ് എതിരാളികൾ. ഉറുഗ്വെയ്ക്കെതിരേയുള്ള ജയത്തോടെ കൊളംബിയയുടെ തോൽവി അറിയാതെയുള്ള കുതിപ്പിന്റെ എണ്ണം 28 ആക്കി പുതിയ റിക്കാർഡ് കുറിച്ചു. 1992 മുതൽ 1994 വരെ കൊളംബിയൻ ടീമിന്റെ തോൽവി അറിയാതെയുള്ള 27 മത്സരങ്ങളുടെ റിക്കാർഡാണ് തിരുത്തിയത്. മത്സരത്തിൽ റഫറിക്ക് ഏഴ് മഞ്ഞക്കാർഡും ഒരു ചുവപ്പും പുറത്തെടുക്കേണ്ടിവന്നു.തുടക്കം മുതലേ ഇരുടീമും മിന്നുന്ന നീക്കങ്ങളാണ് കളത്തിൽ കാഴ്ചവച്ചത്. 39-ാം മിനിറ്റിൽ കോർണറിൽ നിന്ന് റോഡ്രിഗസ് നല്കിയ പന്ത് ഹെഡറിലൂടെ ജെഫേഴ്സണ്‍ ലെർമ വലയിലാക്കി. പെലെയ്ക്കൊപ്പം റോഡ്രിഗസ് 1970ലെ ലോകകപ്പിൽ ആറ് അസിസ്റ്റ് നൽകിയ പെലെയ്ക്കുശേഷം ഒരു പ്രധാന ടൂർണമെന്റിൽ ഇത്രതന്നെ അസിസ്റ്റ് നടത്തുന്ന ആദ്യത്തെ ദക്ഷിണ അമേരിക്കക്കാരൻ എന്ന നേട്ടവും റോഡ്രിഗസ് സ്വന്തമാക്കി.
Source link