ഫുട്ബോൾ ആരാധകർക്കു വിരുന്നൊരുക്കിയ യൂറോ, കോപ്പ പോരാട്ടങ്ങൾ അതിന്റെ ഗ്രാൻഡ് ഫിനാലെയിൽ… കാൽപ്പന്തിലെ മഹാശക്തികളായ രണ്ടു ഭൂഖണ്ഡങ്ങളുടെ കിരീടാവകാശികൾക്കായുള്ള കാത്തിരിപ്പിലാണ് ലോകം… 2024 യുവേഫ യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും ഫൈനൽ ചിത്രം തെളിഞ്ഞു. രണ്ട് കിരീടാവകാശികളെയും മണിക്കൂറുകളുടെ ഇടവേളയിൽ അറിയാം എന്നതാണ് ഏറ്റവും ശ്രദ്ധേയം. യൂറോ ഫൈനൽ ഇന്ത്യൻ സമയം ഞായർ രാത്രി 12.30നു നടക്കും. കോപ്പ ഫൈനൽ തിങ്കൾ പുലർച്ചെ 5.30നും. സ്പെയിൻ x ഇംഗ്ലണ്ട് 2024 യൂറോയിലെ ഏറ്റവും കരുത്തരെന്നു നേരത്തേ ഏവരും സമ്മതിച്ച രണ്ട് ടീമുകളാണ് സ്പെയിനും ഇംഗ്ലണ്ടും. ഇംഗ്ലണ്ടിന്റെ തുടക്കം പതിഞ്ഞതായിരുന്നെങ്കിലും ഫൈനലിൽവരെ എത്തിനിൽക്കുന്നു. സെമിയിൽ നെതർലൻഡ്സിനെ കീഴടക്കിയാണ് (2-1) ഇംഗ്ലണ്ട് യൂറോ കപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ എത്തിയത്. എന്നാൽ, ഇതുവരെ യൂറോ കിരീടം നേടാൻ ഇംഗ്ലണ്ടിനു സാധിച്ചിട്ടില്ല. മറുവശത്ത് സ്പെയിൻ മൂന്നു പ്രാവശ്യം യൂറോ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ യൂറോ ചാന്പ്യന്മാരായത്. 1984ൽ രണ്ടാം സ്ഥാനക്കാരുമായി. സ്പെയിനിന്റെ അഞ്ചാം യൂറോ ഫൈനലാണ് ഇത്തവണത്തേത്. ഫ്രാൻസിനെ സെമിയിൽ 2-1നു തോൽപ്പിച്ചാണ് സ്പെയിനിന്റെ ഫൈനൽ പ്രവേശം. സ്പെയിനും ഇംഗ്ലണ്ടും സെമിയിൽ ജയിച്ചത് ഒരു ഗോളിനു പിന്നിൽനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ചായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. യൂറോ ചരിത്രത്തിൽ ഇംഗ്ലണ്ടും സ്പെയിനും ഏറ്റുമുട്ടുന്നത് ഇത് മൂന്നാം തവണയാണ്. 1980ൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും കൊന്പുകോർത്തപ്പോൾ 2-1ന് ഇംഗ്ലണ്ട് ജയം സ്വന്തമാക്കി. 1996 ക്വാർട്ടറിൽ ഗോൾരഹിത സമനിലയ്ക്കുശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് 4-2ന്റെ ജയം നേടിയിരുന്നു. അർജന്റീന x കൊളംബിയ കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം കിരീടം എന്നതാണ് ലയണൽ മെസി നയിക്കുന്ന അർജന്റീനയുടെ ലക്ഷ്യം. രാജ്യാന്തര ഫുട്ബോളിൽ ഹാട്രിക് കിരീടം നേടുന്ന രണ്ടാമത് ടീമെന്ന നേട്ടത്തിനും അർജന്റീന ലക്ഷ്യംവയ്ക്കുന്നു. 2008, 2012 യൂറോയും 2010 ഫിഫ ലോകകപ്പും നേടിയ സ്പെയിൻ മാത്രമാണ് തുടർച്ചയായി മൂന്ന് വന്പൻ ട്രോഫികളിൽ മുത്തംവച്ച ഏക ടീം. നിലവിൽ 2021 കോപ്പ, 2022 ഫിഫ ലോകകപ്പ് എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ അർജന്റീനയ്ക്ക് 2024 കോപ്പയും നേടാനായാൽ ഹാട്രിക് തികയ്ക്കാം. ഉറുഗ്വെയെ സെമിയിൽ 2-1നു കീഴടക്കിയ കൊളംബിയയാണ് കോപ്പ ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ. കാനഡയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു സെമിയിൽ മറികടന്നായിരുന്നു അർജന്റീന കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റെടുത്തത്. 16-ാം കോപ്പ ചാന്പ്യൻഷിപ് എന്ന റിക്കാർഡിനാണ് അർജന്റീനയുടെ ശ്രമം. കോപ്പ ഏറ്റവും കൂടുതൽ നേടിയതിൽ ഉറുഗ്വെയ്ക്കൊപ്പം (15) ഒന്നാം സ്ഥാനം പങ്കിടുകയാണ് അർജന്റീന. മറുവശത്ത് കൊളംബിയയുടെ മൂന്നാമത് കോപ്പ ഫൈനലാണിതെന്നതും ശ്രദ്ധേയം. ഒരു തവണ (2001) കോപ്പയിൽ മുത്തംവയ്ക്കാനും കൊളംബിയയ്ക്കു സാധിച്ചു.
Source link