ദ്വീപുരാജ്യങ്ങളെ സന്പന്നരാജ്യങ്ങൾ സഹായിക്കണമെന്ന് വത്തിക്കാൻ
ന്യൂയോർക്ക്: കടാശ്വാസവും കടം റദ്ദാക്കലും ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ സന്പന്ന രാജ്യങ്ങൾ വികസ്വര ദ്വീപുരാജ്യങ്ങളെ സഹായിക്കണമെന്ന് വത്തിക്കാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേല കാസിയയാണ് ഈ ആവശ്യം ഉന്നയിച്ചത്. ചെറിയ ദ്വീപ് രാജ്യങ്ങളുടെ വികസനം സംബന്ധിച്ചു നടന്ന യുഎൻ കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. താങ്ങാനാകാത്ത കടത്താൽ പ്രതിസന്ധിയിലായ ഈ രാജ്യങ്ങളെ രക്ഷിക്കേണ്ടത് സന്പന്നരാജ്യങ്ങളുടെ കടമയും ഉത്തരവാദിത്വവു മാണ്. കടബാധ്യത, മന്ദഗതിയിലുള്ള വളർച്ചാസാധ്യതകൾ, ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ്, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തം എന്നിവ പോലുള്ള പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുന്പോൾ ഈ രാജ്യങ്ങൾക്ക് സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കാനാകുന്നില്ല. ഇതിൽ വലിയ ആശങ്കയുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളുടെ 2030ലെ അജണ്ടയിൽ “ആദ്യം പിന്നിലുള്ളവരിലേക്ക്’’ എന്നതിന് മുൻഗണന നൽകാനുള്ള പ്രതിജ്ഞാബദ്ധത സന്പന്നരാജ്യങ്ങൾക്കുണ്ടാകണമെന്നും ആർച്ച്ബിഷപ് ഗബ്രിയേലെ കാസിയ ആവശ്യപ്പെട്ടു.
Source link