കുമളി : തേക്കടി കനാലിൽ ഒഴുക്കിൽപ്പെട്ട പിടിയാനയെ രക്ഷപ്പെടുത്തി. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്ന കനാലിന്റെ ഷട്ടറിന്റെ ഇരുമ്പ് വേലിയിൽ ഒഴുക്കിന്റെ ശക്തിയിൽ തങ്ങിനിന്ന പിടിയാനയെ ഷട്ടർ അടച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
നാൽപ്പത് വയസുള്ള പിടിയാന ചൊവ്വാഴ്ച വൈകുന്നേരം മുതൽ രാത്രി വൈകിയും ഷട്ടറിന്റെ സമീപ പ്രദേശങ്ങളിൽ നിലയുറപ്പിച്ചിരുന്നു. രാത്രിയിൽ കനാൽ നീന്തിക്കടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടത്തിൽ പെട്ടത്. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി രക്ഷാ ശ്രമം ആരംഭിച്ചു.ഇന്നലെ രാവിലെ ഏഴോടെയാണ് ഷട്ടർ താഴ്‌ത്തി തമിഴ്‌നാട്ടിലേക്കുള്ള ഒഴുക്ക് നിർത്തിയത്. ഒഴുക്ക് നിലച്ചതോടെ ആന നീന്തി രക്ഷപ്പെടുകയായിരുന്നു. തേക്കടി ചെക്ക്‌പോസ്റ്റിന് തൊട്ടുതാഴെയാണ് തേക്കടി കനാൽ അവസാനിക്കുന്നത്. ഇവിടെയാണ് തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള ഷട്ടർ . കേരള പൊലീസിനാണ് സംരക്ഷണ ചുമതല.
Source link