KERALAMLATEST NEWS

ഭർതൃവീട്ടിൽ ക്രൂരമ‌ർദ്ദനം ഹൈക്കോടതിയെ സമീപിച്ച് നവവധു

മലപ്പുറം: ഭർതൃവീട്ടിലെ ക്രൂരമർദ്ദനത്തിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നവവധു. വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഫായിസ് (27) വിവാഹം കഴിഞ്ഞ് ആറാംദിവസം മുതൽ ക്രൂരമായി മർദ്ദിച്ചെന്നാണ് വേങ്ങര പത്തുമൂച്ചി സ്വദേശിയായ 19കാരിയുടെ പരാതി. സംശയരോഗവും കൂടുതൽ സ്ത്രീധനം ചോദിച്ചും സൗന്ദര്യമില്ലെന്നും പറഞ്ഞായിരുന്നു മർദ്ദനം. വലത് ചെവിയുടെ കേൾവിയ്ക്ക് തകരാറും നട്ടെല്ലിന് ക്ഷതവുമേറ്റിട്ടുണ്ട്. ശരീരമാസകലം മുറിവേറ്റു. ലഹരിക്ക് അടിമയായ ഫായിസ് തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
മേയ് രണ്ടിനായിരുന്നു വിവാഹം. പെൺവീട്ടുകാർ 50 പവൻ നൽകിയിരുന്നു. വിവാഹശേഷം 75 പവൻ തന്നില്ലെന്ന് പറഞ്ഞാണ് മർദ്ദിച്ചത്. പെൺകുട്ടിയെ ഭർതൃവീട്ടുകാർ മൂന്ന് തവണ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ബാത്ത്റൂമിൽ വീണതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. പെൺകുട്ടിയെ വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ ഫായിസ് വഴക്ക് പറയുന്നത് കേട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മർദ്ദനം പുറത്തറിഞ്ഞത്. തുടർന്ന് മലപ്പുറം വനിതാ സെല്ലിൽ പരാതിപ്പെട്ടപ്പോൾ കേസ് വേങ്ങര പൊലീസിന് കൈമാറി. ഫായിസ്,​ഭർതൃപിതാവ് സെയ്തലവി,​മാതാവ് സീനത്ത് എന്നിവരെ പ്രതികളാക്കി കേസെടുത്തു. തുടർനടപടി ഇല്ലാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയ്ക്കടക്കം പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയില്ലെന്ന് കുടുംബം ആരോപിച്ചു. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന ഫായിസും പിതാവും അവിടേക്ക് കടന്നുകളഞ്ഞെന്നാണ് വിവരം. അതേസമയം, ഫായിസിന്റെ മാതാവ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചു.


Source link

Related Articles

Back to top button