ബദരീനാഥിൽനിന്ന് നടന്ന് ശബരിമലയിലേക്ക് , 8000 കി.മീ. യാത്ര തുടങ്ങിയത് കാസർകോട് സ്വദേശികൾ
കാസർകോട്: ശബരിമല ദർശനത്തിന് എണ്ണായിരം കിലോമീറ്റർ അപ്പുറമുള്ള പുണ്യസങ്കേതമായ ബദരീനാഥിൽ നിന്ന് കാൽനടയായി വരുകയാണ് കാസർകോട് സ്വദേശികളായ രണ്ടുപേർ.
കാസർകോട് കുഡ്‌ലു സ്വദേശികളായ കെ.സനത് കുമാർ നായികും സമ്പത്ത് കുമാർ ഷെട്ടിയും ഏഴുമാസം യാത്രചെയ്ത് മകരവിളക്കിന് ശബരിമലയിൽ എത്തും.
ഫ്രീലാൻഡ് ഫോട്ടോഗ്രാഫറായ സനത്തും കുഷ്യൻ വർക്കറായ സമ്പത്തും എല്ലാ വർഷവും കാസർകോട് നിന്ന്ശബരിമലയിലേക്ക് നടന്നുപോകാറുണ്ട്.ഇക്കുറി ദീർഘയാത്ര നടത്താൻ തീരുമാനിച്ചു. ട്രെയിനിൽ ജൂൺ 26ന് ബദരീനാഥിൽ എത്തി.
ജൂലായ് രണ്ടിന് കെട്ടുനിറച്ച് പിറ്റേന്ന് ബദരീനാഥ് ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു. അയോദ്ധ്യാ ദർശനവും കഴിഞ്ഞ് ഇന്നലെ ലക്‌നൗവിൽ എത്തി.
ഇനി ഗുജറാത്തിലെ ദ്വാരകയാണ് ലക്ഷ്യം. അതുകഴിഞ്ഞ് പുരി ജഗനാഥ ക്ഷേത്രവും സന്ദർശിക്കും. രാമേശ്വരവും സന്ദർശിച്ച ശേഷമായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക.
പ്രതിദിനം 25 കിലോമീറ്റർ ദൂരമെങ്കിലും സഞ്ചരിക്കാനാണ് പദ്ധതി. 50 കിലോമീറ്റർ വരെ നടക്കാൻ കഴിയും .രാത്രി വഴിയിലുള്ള ക്ഷേത്രങ്ങളിൽ വിശ്രമിക്കും.
കുഡ്‌ലുവിലെ അയ്യപ്പ ക്ഷേത്രത്തിൽ കഴിഞ്ഞ വിഷുവിന് മാലയിട്ടാണ് വ്രതം ആരംഭിച്ചത്.
നാല് യുഗങ്ങളിലായി സ്ഥാപിക്കപ്പെട്ട ഭാരതത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചു ഭഗവാനെ ദർശിക്കുക എന്ന ആഗ്രഹമാണ് ഈ യാത്രയ്ക്ക് പിന്നിൽ.
-സനത് കുമാർ നായിക് ( കാസർകോട്)
Source link