ചാരക്കേസ് മറിയം റഷീദ വഴങ്ങാത്തതിന്റെ പക, ഇൻസ്പെക്ടറുടെ പ്രതികാരദാഹമെന്ന് സി.ബി.ഐ കുറ്റപത്രം

തിരുവനന്തപുരം: പൊലീസ് ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമച്ചത് മാലി സ്വദേശി മറിയം റഷീദ അന്നത്തെ സ്പെഷ്യൽബ്രാഞ്ച് ഇൻസ്പെക്ടർ എസ്. വിജയന് (സ്മാർട്ട് വിജയൻ) വഴങ്ങാത്തതിലെ നീരസം കൊണ്ടാണെന്ന് സി.ബി.ഐയുടെ കണ്ടെത്തൽ.
തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യംപറയുന്നത്.
1994 ഒക്ടോബർ പത്തിന് വിസ കാലാവധി നീട്ടാൻ മറിയം റഷീദയും ഫൗസിയഹസനും സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയപ്പോൾ, തന്റെ ഓഫീസിലെത്താൻ വിജയൻ ആവശ്യപ്പെട്ടു. മറിയം റഷീദയുടെ വിമാന ടിക്കറ്റും പാസ്‌പോർട്ടും വാങ്ങിവച്ചശേഷം ഒക്ടോബർ13ന് വിജയൻ അവർ താമസിച്ചിരുന്ന ഹോട്ടലിലെത്തി. കടന്നുപിടിച്ചെങ്കിലും വഴങ്ങിയില്ല.
മറിയം ആരെയൊക്കെ ഫോണിൽ വിളിക്കുന്നെന്ന് വിജയൻ ഹോട്ടൽ ജീവനക്കാരോട് അന്വേഷിച്ചു. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനെ വിളിക്കുന്നെന്ന് മനസിലാക്കി. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ആർ. രാജീവനെയും ഐ.ബി. അസി.ഡയറക്ടറായിരുന്ന ആർ. ബി. ശ്രീകുമാറിനെയും അറിയിച്ചു.
മറിയത്തിന്റെ പാസ്‌പോർട്ടും ടിക്കറ്റും ഒക്ടോബർ17ന് വിസ കാലാവധി കഴിയുന്നത് വരെ വിജയൻ പിടിച്ചുവച്ചു. കാലാവധി കഴിഞ്ഞും തങ്ങിയതിന് കേസെടുത്തു. ഒക്ടോബർ20ന് മറിയത്തെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. പിറ്റേന്നുമുതൽ ചാരക്കേസ് കഥകൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
പക്ഷേ, അറസ്റ്റ് ചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്.
ശാസ്ത്രജ്ഞനായ ശശികുമാറും മറിയംറഷീദയും നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും പി.എസ്.എൽ.വി ക്രയോജനിക് സാങ്കേതികവിദ്യ അടങ്ങിയ രേഖകൾ പുറത്തുപോയെന്നും ആരോപിച്ച് രാജീവനും ശ്രീകുമാറും വിജയനും ചേർന്ന് മറിയം റഷീദയെയും ശശികുമാറിനെയും പ്രതിയാക്കി കേസെടുക്കാൻ തീരുമാനിച്ചു. നവംബർ 14ന് സിബിമാത്യൂസിനെ തലവനാക്കി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
സിബിമാത്യൂസിന്റെ നിർദ്ദേശ പ്രകാരമാണ് ഡി.ശശികുമാർ, കെ.ചന്ദ്രശേഖർ, നമ്പിനാരായണൻ, എസ്.കെ.ശർമ്മ എന്നിവരെ അറസ്റ്റ് ചെയ്തത്.
സി.ബി.ഐ കേസിൽ
5 പ്രതികൾ
അഞ്ചു പ്രതികൾക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം. സ്‌പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്‌പെക്ടറായ എസ്. വിജയൻ, മുൻ ഡി.ജി.പി സിബി മാത്യൂസ്, ഗുജറാത്ത് മുൻ ഡി.ജി.പിയും ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ.ബി. ശ്രീകുമാർ, പൊലീസുദ്യോഗസ്ഥനായ കെ. കെ.ജോഷ്വാ, ഐ. ബി. മുൻ ഇൻസ്‌പെക്ടർ പി. എസ്. ജയപ്രകാശ് എന്നിവരാണ് പ്രതികൾ.
ചാരക്കേസിൽ സത്യം ഒരു നാൾ പുറത്തുവരുമെന്ന് ഉറപ്പായിരുന്നു. ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ വന്നതിൽ സന്തോഷമുണ്ട്. ഇനി തെറ്റുകാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. സിബി മാത്യൂസ് ഉൾപ്പെടെ മാപ്പ് പറയണമെന്ന് പോലുമില്ല
- നമ്പി നാരായണൻ
Source link