സാമൂഹ്യ ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കും :മുഖ്യമന്ത്രി
□കുടിശിക രണ്ട് വർഷമായി നൽകും
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മാറ്റി വച്ച ജനക്ഷേമ പദ്ധതികളുടെ കുടിശ്ശിക വിതരണം പൂർത്തിയാക്കാൻ സമയബന്ധിത നടപടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ സുരക്ഷാ,ക്ഷേമപെൻഷൻ തുക കൂട്ടും. നിലവിലെ അഞ്ചു മാസത്തെ കുടിശ്ശികയിൽ ഈ വർഷം രണ്ടും,അടുത്ത വർഷം മൂന്നും നൽകും.
ഇന്നലെ നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇതറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നടപടികളാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സാമൂഹ്യ ക്ഷേമ പെൻഷൻ 4250 കോടിയാണ് കുടിശ്ശിക. ഇതിൽ 1700കോടി ഈ വർഷവും ബാക്കി അടുത്ത വർഷവും നൽകും.
വർഷം രണ്ട് ഗഡു
ഡി.എ കുടിശ്ശിക
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷത്തിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ കുടിശ്ശിക വീതം നൽകും. പെൻഷൻ പരിഷ്കരണ കുടിശ്ശികയായ 600 കോടി ഈ വർഷം നൽകും. ഖാദി തൊഴിലാളികൾക്ക് 80കോടിയുടെ കുടിശ്ശിക ഈ വർഷം നൽകും.
കേരള അങ്കണവാടി വർക്കേഴ്സ് അൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി പെൻഷൻ കുടിശ്ശികയായ 11.22 കോടി അനുവദിക്കും. കരാറുകാർക്ക് നൽകാനുള്ള 2500 കോടി നൽകും.
സപ്ലൈകോയ്ക്കുള്ള സഹായം,നെല്ല് സംഭരണം,നെല്ലുത്പാദനം എന്നിവയ്ക്ക് നൽകേണ്ട തുക, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വഹിക്കേണ്ട ചെലവുകൾ എന്നിവയിലെ കുടിശ്ശിക ഈവർഷം നൽകും.
Source link