നവൽനിയുടെ വിധവയ്ക്ക് ശിക്ഷ വിധിച്ച് റഷ്യൻ കോടതി
മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ വിധവ യൂലിയയ്ക്കു മോസ്കോ കോടതി രണ്ടു മാസം തടവുശിക്ഷ വിധിച്ചു. യൂലിയയ്ക്കു തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്നാണു കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പ്രവാസത്തിൽ കഴിയുന്ന യൂലിയ റഷ്യയിൽ കാലുകുത്തിയാൽ അറസ്റ്റ് നേരിടേണ്ടിവരും. റഷ്യൻ പ്രസിഡന്റ് പുടിന്റെ വിമർശകനായിരുന്ന നവൽനി ഫെബ്രുവരിയിൽ സൈബീരിയയിലെ ജയിലിൽ മരിക്കുകയായിരുന്നു. മരണത്തിൽ പുടിനു പങ്കുണ്ടെന്നു നവൽനിയുടെ കുടുംബം ആരോപിക്കുന്നു. റഷ്യയുടെ ഭാവിക്കുവേണ്ടി നവൽനി തുടങ്ങിവച്ച പോരാട്ടം തുടരുമെന്നാണു തടവുശിക്ഷയോടു യൂലിയ പ്രതികരിച്ചത്. പുടിൻ കൊലപാതകിയും യുദ്ധക്കുറ്റവാളിയുമാണെന്നും അവർ കൂട്ടിച്ചേർത്തു. നവൽനി ആരംഭിച്ച ഫൗണ്ടേഷൻ ഫോർ ഫൈറ്റിംഗ് കറപ്ഷൻ സംഘടനയെ തീവ്രവാദസംഘടനയായി മുദ്രകുത്തുന്നതിന്റെ ഭാഗമാണു യൂലിയയ്ക്കെതിരായ ശിക്ഷയെന്നു സൂചനയുണ്ട്.
Source link