മാന്ത്രിക ഗോളിലൂടെ അദ്ഭുതമായി ലമെയ്ൻ യമാൽ
യുവേഫ യൂറോ കപ്പ് സെമിയിൽ ഫ്രാൻസിനെതിരേ സ്പെയിനിന്റെ ലമെയ്ൻ യമാൽ നേടിയ ഗോൾ കണ്ട് ഫുട്ബോൾ ലോകം കോരിത്തരിച്ചു… ബിബിസി വണ്ണിൽ കമന്റേറ്ററായിരുന്ന ഇംഗ്ലീഷ് മുൻ താരം ഗാരി ലിനേക്കർ ആവേശത്തോടെ പറഞ്ഞു: ‘ഇതാ ഒരു സൂപ്പർ സ്റ്റാർ പിറന്നിരിക്കുന്നു. ഈ കളിയിലെ ശുഭമുഹൂർത്തമാണിത്, ഈ യൂറോയുടെയും’. അതെ, മത്സരത്തിന്റെ 21-ാം മിനിറ്റിൽ ബോക്സിനു പുറത്തുവച്ച് ഡിഫൻഡർമാരെ കബളിപ്പിച്ച് യമാൽ ഇടംകാലിൽ തൊടുത്ത കേളിംഗ് ഷോട്ട് പോസ്റ്റിന്റെ ടോപ് കോർണറിന്റെ ഉള്ളിലിടിച്ച് വലയിളക്കി! പതിനാറു വയസ് മാത്രമുള്ള ഒരു കൗമാരക്കാരന്റെ ടെക്നിക്കൽ ബ്രില്യൻസായിരുന്നു ആ ഗോൾ… ആൽവാരോ മൊറാട്ടയിൽനിന്ന് പന്ത് ലഭിച്ച് മുന്നോട്ടു ചുവടുവച്ചപ്പോൾ വിലങ്ങായെത്തി റാബിയോട്ടിനെ ഫെയ്ക്ക് മൂവ്മെന്റിലൂടെ കബളിപ്പിച്ചായിരുന്നു ആ കേളിംഗ് ഷോട്ട്… ഹാപ്പി ബെർത്ത് ഡേ… 16 വർഷവും 362 ദിനവും, ഫ്രാൻസിനെതിരേ യൂറോ സെമിയിൽ ഗോൾ നേടുന്പോൾ യമാലിന്റെ പ്രായം ഇതായിരുന്നു. ഈ ശനിയാഴ്ച 17 വയസ് പൂർത്തിയാകും. ഫ്രാൻസിനെതിരായ സെമി ഗോളിലൂടെ ജന്മദിനം നേരത്തേ ആഘോഷിച്ചിരിക്കുകയാണ് യമാൽ. എന്നാൽ, ഇന്ത്യൻ സമയം 14ന് അർധരാത്രി 12.30ന് നടക്കുന്ന ഫൈനലിൽ കരീടം സ്വന്തമാക്കിയാൽ യമാലിന്റെ ജന്മദിനം കൂടുതൽ കളറാകും… റിക്കാർഡുകളുടെ പെരുമഴ ഫ്രാൻസിനെതിരായ ഗോളിലൂടെ കാൽപ്പന്ത് ചരിത്രത്തിലെ ഒരുപിടി റിക്കാർഡുകളിലും യമാൽ തന്റെ പേര് ചേർത്തു. ഫിഫ ലോകകപ്പ്, യൂറോ സെമി ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നതായിരുന്നു ആദ്യ റിക്കാർഡ്. 1958ൽ 17 വയസും 244 ദിനവും പ്രായമുള്ളപ്പോൾ ബ്രസീൽ ഇതിഹാസം പെലെ ലോകകപ്പ് സെമി കളിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. യൂറോയിൽ ഇതുവരെയുണ്ടായിരുന്ന റിക്കാർഡ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലായിരുന്നു, 19 വയസും 146 ദിനവും. 2004 യൂറോയിൽ കുറിക്കപ്പെട്ട ആ റിക്കാർഡും ഇനി പഴങ്കഥ. യൂറോ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഗോൾനേട്ടക്കാരൻ എന്നീ റിക്കാർഡും യമാൽ സ്വന്തമാക്കി. 2004ൽ ഫ്രാൻസിനെതിരേ സ്വീഡനുവേണ്ടി ജോഹാൻ വോണ്ലാന്തെൻ നേടിയ ഗോളായിരുന്നു ഇതുവരെയുള്ള റിക്കാർഡ്, 18 വയസും 141 ദിനവും. യൂറോ 2024ൽ ഇതുവരെ മൂന്നു ഗോളിനും യമാൽ അസിസ്റ്റ് നടത്തി. യൂറോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളിന് അസിസ്റ്റ് നടത്തുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡും അതോടെ ഈ കൗമാരതാരം സ്വന്തമാക്കിയിരുന്നു. സ്പാനിഷ് അർമാഡ മ്യൂണിക്: റിക്കാർഡ് കുറിച്ച ലമെയ്ൻ യമാലിന്റെയും ഡാനി ഒൽമോയുടെയും ഗോളിൽ സ്പെയിൻ ഫൈനലിൽ. ഒരു ഗോളിനു പിന്നിൽ നിൽക്കേ ആദ്യപകുതിയിൽ അഞ്ചുമിനിറ്റിനിടെ രണ്ടു ഗോൾ നേടിയാണ് സ്പെയിൻ 2-1ന് ഫ്രാൻസിനെ തകർത്തത്. ഒന്പതാം മിനിറ്റിൽ റാൻഡൽ കൊലോ മുവാനിയുടെ ഹെഡറിൽ ഫ്രാൻസ് മുന്നിലെത്തി. ടൂർണമെന്റിൽ ഓപ്പണ് പ്ലെയിൽ ഫ്രാൻസ് നേടുന്ന ആദ്യഗോളായിരുന്നു. കിലിയൻ എംബപ്പെയുടെ ക്രോസിൽനിന്നാണ് ഗോളെത്തിയത്. ഈ ഗോളിനുശേഷം സ്പെയിൻ ശക്തമായി തിരിച്ചുവന്നു. 21-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് യമാൽ പായിച്ച ഷോട്ട് ഫ്രഞ്ച് വല കുലുക്കി. ഈ ഗോളോടെ സ്പാനിഷ് കൗമാരതാരം ബ്രസീൽ ഇതിഹാസ താരം പെലെയുടെ പേരിലുണ്ടായിരുന്ന വർഷങ്ങൾ പഴക്കമുള്ള റിക്കാർഡ് മറികടന്നു. ഫ്രാൻസിനു തിരിച്ചുവരാനുള്ള സമയം ഒട്ടും നൽകാതെ സ്പെയിൻ 25-ാം മിനിറ്റിൽ ഒരു തവണകൂടി ഫ്രഞ്ച് വലയിലേക്കു നിറയൊഴിച്ചു. ഇത്തവണ ഒൾമോയാണ് ഗോൾ നേടിയത്. 2024 യൂറോയിൽ സ്പെയിനിന്റെ തുടർച്ചയായ ആറാം ജയമാണ്. ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറു ജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ് സ്പെയിൻ. 2023 അണ്ടർ 17 സെമി ഗോൾ 2023 അണ്ടർ 17 യുവേഫ യൂറോപ്യൻ സെമി ഫൈനലിൽ ഫ്രാൻസിനെതിരേ നേടിയതിനു സമാനമായ ഗോളായിരുന്നു 2024 യൂറോ സെമിയിലും യമാൽ വലയിലാക്കിയത്. ബോക്സിനു പുറത്തുനിന്ന് ഇടംകാലിൽ തൊടുത്ത അന്നത്തെ ഗോളിന്റെ തനി കോപ്പി! അണ്ടർ 17 സെമിയിൽ 69-ാം മിനിറ്റിലായിരുന്നു യമാലിന്റെ ഗോൾ. മത്സരത്തിൽ പക്ഷേ, സ്പെയിൻ 1-3നു ഫ്രാൻസിനോടു പരാജയപ്പെട്ടു. അന്നത്തെ തോൽവിക്ക് ഒരു വർഷത്തെ ഇടവേളയിൽ യമാൽ സമാനമായ ഗോളിലൂടെ ഫ്രാൻസിനോട് പകരംവീട്ടി… കൗമാര സംഭവം ലമെയ്ൻ യമാൽ (സ്പെയിൻ, 16 വയസും 362 ദിവസവും) യൂറോ കപ്പ് സെമിയിൽ ഫ്രാൻസിനെതിരേ ഗോൾ നേടിയ സ്പാനിഷ് കൗമാരതാരം യമാൽ പുതിയ റിക്കാർഡ് സ്വന്തമാക്കി. യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്ന യമാൽ യൂറോ കപ്പിലോ അല്ലെങ്കിൽ ലോകകപ്പിലോ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. പെലെ (ബ്രസീൽ, 17 വയസും 239 ദിവസവും) ലോകകപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡ് ഇതിഹാസ താരം പെലെയുടെ പേരിലാണ്. എന്നാൽ, ഒരു പ്രധാന ടൂർണമെന്റിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡ് പെലെയെ മറികടന്ന സ്പെയിനിന്റെ യമാൽ സ്വന്തമാക്കി. ബ്രസീലിയൻ ഇതിഹാസം 1958 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനെതിരേയാണ് ഗോൾ നേടിയത്. സെമിയിൽ ഹാട്രിക്കും ഫൈനലിൽ രണ്ടു ഗോളുകളും നേടി ബ്രസീലിനെ ആദ്യമായി ലോകചാന്പ്യന്മാരാക്കി. മാനുവൽ റോസാസ് (മെക്സിക്കോ, 18 വയസും 93 ദിവസവും) 1930ൽ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ടൂർണമെന്റിലാണ് മാനുവൽ റോസാസ് ചരിത്രം കുറിച്ചത്. പ്രതിരോധതാരമായിരുന്ന റോസാസ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്കെതിരേ രണ്ടു ഗോൾ നേടി. അതിലെ ആദ്യത്തേതു പെനാൽറ്റിയിലൂടെയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ പെനാൽറ്റിയുമായിരുന്നു.
Source link