വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദർശനം ഉത്കണ്ഠാജനകമെങ്കിലും ഇന്ത്യ പ്രധാന തന്ത്രപങ്കാളിയായി തുടരുമെന്ന് അമേരിക്ക. പെന്റഗൺ വക്താവ് മേജർ ജനറൽ പാറ്റ് റൈഡറും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലറും വ്യത്യസ്ത പത്രസമ്മേളനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കും റഷ്യക്കും ഇടയിൽ ദീർഘകാല ബന്ധമാണുള്ളതെന്നു പാറ്റ് റൈഡൻ ചൂണ്ടിക്കാട്ടി. യുഎസിന്റെ കാഴ്ചപ്പാടിൽ ഇന്ത്യ ഇപ്പോഴും തന്ത്രപരമായ പങ്കാളിയാണ്. ഇന്ത്യയുമായി ഊർജിത ചർച്ചകൾ തുടരും. യുഎൻ നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും മാനിക്കേണ്ടതിന്റെ പ്രാധാന്യവും റഷ്യൻ പ്രസിഡന്റ് പുടിനു മോദി മനസിലാക്കിക്കൊടുക്കുമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധത്തിൽ യുഎസിനു വ്യക്തമായ ആശങ്കയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യ മില്ലർ പറഞ്ഞു. ഈ ഉത്കണ്ഠ ഇന്ത്യൻ സർക്കാരിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കണമെന്നും മില്ലർ ആവശ്യപ്പെട്ടു.
Source link