തലസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം : തലസ്ഥാനത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ടു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്നുപേർക്കാണ് ഇവിടെ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം രോഗഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട്ട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.
നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിരുന്നു. കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.
കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവർക്കോ കുടുംബാംഗങ്ങൾക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സാമ്പിളുകൾ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്കൂളിലെ ചില കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനാൽ അവർക്കും വിദഗ്ദ്ധ പരിചരണം ഉറപ്പാക്കി. സ്കൂളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്നു പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.
പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും
Source link