യുക്രെയ്ന്റെ വ്യോമപ്രതിരോധം ശക്തമാക്കും: നാറ്റോ
വാഷിംഗ്ടൺ ഡിസി: റഷ്യയുടെ മിസൈൽ ആക്രമണം നേരിടുന്ന യുക്രെയ്ന്റെ വ്യോമപ്രതിരോധം ശക്തമാക്കാൻ യുഎസിൽ ചേരുന്ന നാറ്റോ ഉച്ചകോടി തീരുമാനിച്ചു. അഞ്ചു വ്യോമപ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നു നല്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുഎസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, റുമേനിയ രാജ്യങ്ങൾ യുക്രെയ്ന് അത്യാധുനിക പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൂടുതൽ ബാറ്ററികൾ ലഭ്യമാക്കും. നാസാംസ്, ഹ്വാക്, ഐറിസ് ടി-എസ്എൽഎം, ഐറിസ് ടി-എസ്എൽസ് തുടങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ യൂണിറ്റുകളും നല്കും. നാറ്റോ രൂപവത്കൃതമായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സമ്മേളനമാണു യുഎസ് തലസ്ഥാനത്തു ചേരുന്നത്. നാറ്റോ സൈനികസഖ്യം ഏറ്റവും ശക്തിമത്തായ സമയാണിതെന്നു ബൈഡൻ ചൂണ്ടിക്കാട്ടി. യുദ്ധത്തിൽ റഷ്യയല്ല യുക്രെയ്നായിരിക്കും ജയിക്കുക. യുക്രെയ്ൻ സ്വതന്ത്ര, പരമാധികാര രാജ്യമായി തുടരുന്ന സ്ഥിതിയിൽതന്നെ യുദ്ധം അവസാനിക്കും. ഉദ്ഘാടനപ്രസംഗത്തിൽ ഏതാണ്ട് 13 മിനിറ്റ് ബൈഡൻ സംസാരിച്ചു. വ്യക്തമായ ശബ്ദത്തിലായിരുന്നു പ്രസംഗം. ഡോണൾഡ് ട്രംപുമായുള്ള പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയ ബൈഡന് ലോകത്തിനു മുന്നിൽ താനിപ്പോഴും യോഗ്യനാണെന്നു തെളിയാക്കാനുള്ള അവസരമാണു നാറ്റോ സമ്മേളനം. ഇതിനിടെ, ട്രംപ് നാറ്റോയ്ക്കെതിരായ വിമർശനം തുടർന്നു. അംഗങ്ങൾ സഖ്യത്തിലേക്കു കൂടുതൽ ഫണ്ട് നല്കിയില്ലെങ്കിൽ റഷ്യയിൽനിന്നു താൻ സംരക്ഷണം നല്കില്ലെന്ന് അദ്ദേഹം തെരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു. നാറ്റോ സമ്മേളനത്തിൽ 32 അംഗരാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. യുക്രെയ്നു ബ്രിട്ടന്റെ ഉറച്ച പിന്തുണയുണ്ടെന്നു പുതിയ പ്രധാനമന്ത്രി കീയർ സ്റ്റാർമർ പറഞ്ഞു.
Source link