ഗട്ടറിൽ വീണ് കെഎസ്‌ആർടിസി ബസിന്റെ ഡോർ തുറന്നു, റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിൽ നിന്ന് പ്ലസ് ടു വിദ്യാർത്ഥി തെറിച്ചുവീണു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. തിരുമല എഎംഎച്ച് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സന്ദീപ് ആണ് തെറിച്ചു വീണത്. അപകടത്തിൽ സന്ദീപിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൈവിരലുകൾക്കും ഇടുപ്പിനും ഇടത് കൈയ്‌ക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 8.35ഓടെയാണ് സംഭവം. അമിത വേഗതയിൽ പോയ ബസ് പാലത്തിന് സമീപം എത്തിയപ്പോൾ റോഡിലെ ഗട്ടറിൽ ഇറങ്ങി. ഇതോടെ ബസിന്റെ ഡോർ തനിയെ തുറന്ന് സന്ദീപ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. സന്ദീപ് തെറിച്ച് വീണിട്ടും ബസ് നിർത്തിയില്ല. 750 മീറ്റർ മുന്നോട്ട് പോയ ശേഷമാണ് യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തിയത്. തുടർന്ന് യാത്രക്കാരാണ് സന്ദീപിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അന്തിയൂർക്കോണം ജംഗ്‌ഷനും അന്തിയൂർക്കോണം പാലത്തിനും ഇടയ്‌ക്കുള്ള ഗട്ടറിൽ വീണാണ് അപകടമുണ്ടായത്.
Source link