ടെക്സസ്: അമേരിക്കയിൽ മനുഷ്യക്കടത്ത് കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യൻ വംശജർക്കെതിരേ കുറ്റംചുമത്തി. മനുഷ്യക്കടത്തിനിരകളായ 15 സ്ത്രീകളെ ഒരു വീട്ടിൽനിന്നു കണ്ടെത്തിയ സംഭവത്തിലാണ് കുറ്റംചുമത്തിയിരിക്കുന്നത്. ചന്ദൻ ദാസ്റെഡ്ഡി (24), ദ്വാരക ഗുന്ദ (31), സന്തോഷ് കട്കൂരി (31), അനിൽ മാലെ (37) എന്നിവർക്കെതിരേയാണ് നടപടി. ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ മാർച്ചിലാണ് ഇവർ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രിൻസ്റ്റൺ കോളിൻകൗണ്ടിയിലുള്ള ഗിൻസ്ബർഗ് ലെയ്നിലെ വീട്ടിലാണ് 15 യുവതികളും കഴിഞ്ഞിരുന്നത്. വീട്ടുപകരണങ്ങളൊന്നുമില്ലാത്ത ഈ വീട്ടിൽ വെറുംനിലത്താണു യുവതികൾ കിടന്നിരുന്നതെന്നും പോലീസ് പറയുന്നു. സന്തോഷ് കട്കൂരിയും ഭാര്യയും നടത്തിയിരുന്ന കമ്പനികളിൽ ജോലിക്കെത്തിച്ചതായിരുന്നു ഇവരെ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസ്റ്റൺ പോലീസ് നടത്തിയ തെരച്ചിലിലാണു മനുഷ്യക്കടത്ത് കണ്ടെത്തിയത്. കട്കൂരിയുടെ വീട്ടിൽനിന്നും ലാപ്ടോപ്പുകൾ, ഫോണുകൾ, പ്രിന്ററുകൾ, വ്യാജരേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു.
Source link