ബെയ്ജിംഗ്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു ലോകശക്തികൾ ഇടപെടണമെന്ന് ചിൻപിംഗ് ആവശ്യപ്പെട്ടു. ഓർബൻ കഴിഞ്ഞയാഴ്ച റഷ്യയിലെത്തി പ്രസിഡന്റ് പുടിനുമായി ചർചകൾ നടത്തിയിരുന്നു. ഈ മാസം ഹംഗറിക്കു യൂറോപ്യൻ യൂണിയന്റെ പ്രസിഡന്റ് പദവി ലഭിച്ചതിനു പിന്നാലെയാണ് ‘സമാധാനദൗത്യം’ എന്ന പേരിൽ ഓർബന്റെ യാത്രകൾ. അതേസമയം, ഓർബന്റെ നീക്കങ്ങളെ യൂറോപ്യൻ നേതാക്കൾ അപലപിക്കുകയാണുണ്ടായത്. ഓർബൻ യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിച്ചല്ല ഈ നീക്കങ്ങൾ നടത്തുന്നതെന്നു വ്യക്തമാക്കുകയും ചെയ്തു. ഓർബനു പുടിനുമായും ചിൻപിംഗുമായും ഊഷ്മളബന്ധമുണ്ട്. ഓർബന്റെ നീക്കങ്ങളെ റഷ്യ സ്വാഗതം ചെയ്തു. അതേസമയം, ഹംഗറിക്ക് മധ്യസ്ഥത വഹിക്കാനാവില്ലെന്നും വൻശക്തികളാണ് അതു ചെയ്യേണ്ടതെന്നുമാണു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പ്രതികരിച്ചത്.
Source link