KERALAMLATEST NEWS

തൃശൂരില്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം, പാലക്കാട് സ്വദേശി മരിച്ചു

തൃശൂര്‍: മുളങ്കുന്നത്ത് കാവിലെ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഗോഡൗണിലെ തൊഴിലാളിയായ പാലക്കാട് നെന്മാറ സ്വദേശി ലിബിനാണ് മരിച്ചത്. ഗോഡൗണിലെ വെല്‍ഡിംഗ് തൊഴിലാളിയാണ് ലിബിന്‍. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്.

അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വടക്കാഞ്ചേരി, പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി. എട്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. തീ പൂര്‍ണമായും അണക്കാനായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍. വന്‍ തോതില്‍ തീ ഉയര്‍ന്നതോടെ നാട്ടുകാരാണ് സംഭവം കണ്ടത്.

പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.


Source link

Related Articles

Back to top button