KERALAMLATEST NEWS

തിരുവനന്തപുരത്ത് കോളറ; സ്ഥിരീകരിച്ചത് പത്തുവയസുകാരന്, കഴിഞ്ഞ ദിവസം മരിച്ചയാൾക്കും രോഗലക്ഷണം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര തവരവിളയിലെ കാരുണ്യ ഓ‌ർഫനേജിലെ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഓർഫനേജിലെ 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.

ചികിത്സയിൽ കഴിയുന്നവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. കോളറ ലക്ഷണങ്ങളുള്ള ഒരു അന്തേവാസി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 26കാരനായ അനുവാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഒൻപത് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് ഒടുവിലായി കോളറ മരണം റിപ്പോർട്ട് ചെയ്തത്.

മലിനജലത്തിലൂടെ പകരുന്ന ജലജന്യ രോഗമാണ് കോളറ. വിബ്രിയോ കോളറെ ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നും നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. ശരീരത്തിലെത്തുന്ന ഇവ വയറിളക്കത്തിന് കാരണമാകുന്ന ‘കോളറാ ടോക്സിൻ’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു.

ശക്തിയായ വയറിളക്കം, ഛർദി, പനി, നിർജലീകരണം, മലത്തിൽ രക്തത്തിന്റെ അംശം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കോളറയെ പ്രതിരോധിക്കാനായി വ്യക്തിശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കോളറ ബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം. പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ടോയ്ലറ്റിൽ പോയശേഷം കൈകൾ വൃത്തിയായി കഴുകുക. ഈച്ചകളിൽ നിന്നും രോഗം പകരുന്നതിനാൽ ഈച്ചകൾ പെരുകാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗി മരണപ്പെടാൻ പോലും സാദ്ധ്യതയുണ്ട്.


Source link

Related Articles

Back to top button