KERALAMLATEST NEWS

പിഎസ്‌സി കോഴ; സർക്കാരിനെ കരിവാരിതേയ്ക്കാനുള്ള ശ്രമം, യുവനേതാവിനെതിരെ നടപടിയില്ലെന്ന് പി മോഹനൻ

കോഴിക്കോട്: പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച് തങ്ങൾക്ക് ഒരറിവും ഇല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മാദ്ധ്യമങ്ങൾ കോലാഹലങ്ങൾ ഉണ്ടാക്കുന്നതാണെന്നും പി മോഹനൻ ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മാദ്ധ്യമങ്ങൾ കോലാഹലങ്ങൾ ഉണ്ടാക്കുന്നതുപോലുള്ള അറിവ് ഞങ്ങൾക്കില്ല. പാ‌ർട്ടി ജില്ലാ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് ഒരറിവും ഇല്ല. എന്തെങ്കിലും കോലാഹലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാർട്ടിയെയും സർക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാവും. അതിനെ ശക്തമായി പ്രതിരോധിക്കും. തെറ്റായ പ്രവണതകൾ ഒരു പാർട്ടി പ്രവർത്തകന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. അങ്ങനെയൊന്ന് ശ്രദ്ധയിൽപ്പെട്ടാൽ എല്ലാക്കാലത്തും കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴും അതാണ് നിലപാട്’- പി മോഹനൻ വ്യക്തമാക്കി. എന്നാൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ ഏതെങ്കിലും തരത്തിൽ പാർട്ടി നടപടിയുണ്ടോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു പി മോഹനന്റെ മറുപടി. നിങ്ങൾക്ക് ആരോപണമുണ്ടെങ്കിൽ എഴുതി തന്നോളൂ, പരിശോധിക്കാമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയർന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചിരുന്നില്ല. വാർത്ത ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷം ആരോപണം ഉയർത്തിയപ്പോൾ നാട്ടിൽ പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ചോദ്യോത്തര വേളയിലാണ് എം കെ മുനീറിന് വേണ്ടി എൻ ഷംസുദ്ദീൻ വിഷയം ചൂണ്ടിക്കാണിച്ചത്.

ഹോമിയോ ഡോക്‌ടർമാരായ ദമ്പതികളാണ് പിഎസ്‌സി അംഗത്വത്തിന് പ്രമോദ് 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ടത്. വനിതാ ഡോക്‌ടർക്കായി ഭർത്താവാണ് തുക നൽകിയത്. 20 ലക്ഷം രൂപ അംഗത്വത്തിനും രണ്ട് ലക്ഷം രൂപ മറ്റ് ചെലവുകൾക്കുമാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 60 ലക്ഷം രൂപനൽകിയാൽ പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു പ്രമോദിന്റെ വാഗ്‌ദാനം. പണം വാങ്ങിയ ശേഷം അംഗത്വം ലഭിച്ചില്ല. പിന്നാലെ ആയുഷ് മിഷനിൽ ഉയർന്ന തസ്‌തിക വാഗ്‌ദാനം ചെയ്‌തെങ്കിലും നടന്നില്ല. ഇതോടെയാണ് ഇയാൾക്കെതിരെ ദമ്പതികൾ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.


Source link

Related Articles

Back to top button