ഡോ. വന്ദനദാസിന്റെ ഏറ്റവും വലിയ ആഗ്രഹം ഇതായിരുന്നു; സഫലമാക്കാൻ ഒരുങ്ങി മാതാപിതാക്കൾ

ഹരിപ്പാട് : സ്വപ്നങ്ങൾ ബാക്കിയാക്കി വിടപറഞ്ഞ ഡോക്‌ടർ വന്ദനദാസിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നിന്റെ സാക്ഷാത്കാരത്തിന് ഒരുങ്ങുകയാണ് മാതാപിതാക്കൾ. മത്സ്യതൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന തൃക്കുന്നപ്പുഴയിൽ ഒരു ക്ളിനിക് തുങ്ങണമെന്നതും ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും ഇവിടെയെത്തി സൗജന്യ ചികിത്സ നൽകണമെന്നതും വന്ദന മാതാപിതാക്കളോട് എപ്പോഴും പങ്കുവച്ചിരുന്നു.

2023 മെയ് 10ന് പുലർച്ചെ 4.50ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി പ്രവർത്തിക്കേ, വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന സന്ദീപ് എന്ന പ്രതിയുടെ കുത്തേറ്റാണ് വന്ദന മരിച്ചത്. ഏകമകളെ നഷ്ടമായ വേദനയിൽ നീറുമ്പോഴും അവളുടെ ആഗ്രഹപൂർത്തീകരണത്തിനായി തൃക്കുന്നപ്പുഴയിൽ ‘ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്’ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാതാപിതാക്കളായ കെ.ജി.മോഹൻദാസും ടി.വസന്തകുമാരിയും.

തൃക്കുന്നപ്പുഴ വാലയിൽകടവിൽ വസന്തകുമാരിയ്ക്ക് കുടുംബ ഓഹരിയായി ലഭിച്ച സ്ഥലത്താണ് ക്ലിനിക് നിർമ്മിക്കുന്നത്. നിർമ്മാണം 70 ശതമാനം പൂർത്തിയായി. ചിങ്ങമാസത്തിൽ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ചികിത്സ നൽകാനും ആഗ്രഹമുണ്ട്.

മകളുടെ വിവാഹം മനോഹരമാക്കി നടത്താനായി കരുതിവച്ചിരുന്ന തുക ഉപയോഗിച്ചാണ് ക്ലിനിക് നിർമ്മാണം. പിന്നീട് ഡിസ്പെൻസറിയായി ഉയർത്താനും ആഗ്രഹമുണ്ട്. മകളുടെ പേരിലുള്ള എന്തും ഉയർന്ന നിലവാരത്തിൽ ആകണമെന്ന ആഗ്രഹവും ഇവർ പങ്കുവെയ്ക്കുന്നു.

തൃക്കുന്നപ്പുഴയെ വന്ദനയ്ക്ക് എന്നും ഇഷ്ടം

മകൾക്ക് അവധി കിട്ടുമ്പോൾ മാത്രമാണ് കുടുംബം ഒന്നിച്ചു തൃക്കുന്നപ്പുഴയിൽ വന്നിരുന്നത്. വരുമ്പോൾ താമസിക്കാനായി ഒരു ചെറിയ ഔട്ട്‌ ഹൗസ് തയ്യാറാക്കിയിരുന്നു. ഇവിടെ എത്തുമ്പോൾ വീടിന്റെ വശത്തുള്ള ആറ്റിൽ ചൂണ്ട ഇടുന്നത് വന്ദനയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഇവിടെ എന്നും ശുദ്ധ വായു ആണെന്ന് പറയുമായിരുന്നെന്നും മാതാവ് വസന്തകുമാരി ഓർക്കുന്നു. മരണത്തിനു ആറു മാസം മുൻപാണ് അവസാനമായി വന്ദന ഇവിടെ എത്തിയത്. അന്നും ക്ളിനിക് തുടങ്ങുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഔട്ട്‌ ‌ ഹൗസ് പുതുക്കി പണിതാണ് ക്ലിനിക് ആക്കുന്നത്.


Source link

Exit mobile version