‘ഗാസയിലെ യഥാര്‍ഥ മരണസംഖ്യ 1.86 ലക്ഷത്തിന് മുകളിൽ’; ഞെട്ടിക്കുന്ന പഠനവുമായി ലാന്‍സെറ്റ്


ന്യൂയോര്‍ക്ക്: ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങൾ മൂലമുള്ള ഗാസയിലെ യഥാര്‍ഥ മരണസംഖ്യ 1,86,000 കടന്നേക്കുമെന്ന് പഠനം. പ്രമുഖ ആരോഗ്യ ജേണലായ ലാന്‍സെറ്റാണ് പഠനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ശേഷം ഇന്നുവരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 38,000 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും പുറത്തെടുക്കാത്ത മൃതദേഹങ്ങളുണ്ട്. ആക്രമണങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടതുമൂലവും ഭക്ഷണമില്ലാതെയും മറ്റുമുണ്ടായ പരോക്ഷമായ മരണങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് പഠനം പറയുന്നു. ആക്രമണങ്ങളില്‍നിന്ന് നേരിട്ടുണ്ടാകുന്ന പ്രശ്‌നങ്ങളേക്കാള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പരോക്ഷമായി ജനങ്ങള്‍ക്കുണ്ടാകുന്നത്. അടുത്ത നിമിഷം ഗാസയ്ക്കുമേലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍പോലും ഇതുകാരണമുള്ള മരണങ്ങള്‍ വരുംവര്‍ഷങ്ങളിലും തുടര്‍ക്കഥയാകുമെന്നും പഠനം പറയുന്നു.


Source link

Exit mobile version