ബിജെപി നേതൃയോഗം ഇന്ന് ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:പഞ്ചായത്ത് തലം മുതൽ സംസ്ഥാനം വരെയുള്ള ആയിരത്തിലേറെ ബി.ജെ.പി. ഭാരവാഹികൾ പങ്കെടുക്കുന്ന വിശാല നേതൃയോഗം ഇന്ന് നാലാഞ്ചിറ മാർ ഇവാനിയോസ് കാമ്പസിലെ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കും.രാവിലെ 10.30ന് ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് ആറുവരെ നടക്കുന്ന പരിപാടിയിൽ പാർട്ടിയുടെ ഭാവി പ്രവർത്തന പദ്ധതികളാണ് വിശദീകരിക്കുക. അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനം സുസജ്ജമാക്കാനുള്ള നടപടികളുടെ തുടക്കമാണിത്. ഒരു സീറ്റിൽ ജയിക്കുകയും മറ്റൊരു സീറ്റിൽ രണ്ടാം സ്ഥാനത്തെത്തുകയും രണ്ട് സീറ്റുകളിൽ ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്ത ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 46 നിയമസഭാ മണ്ഡലങ്ങളിൽ മികച്ച പ്രകടനം നടത്തിയെന്നാണ് പാർട്ടി വിലയിരുത്തൽ. അതിന് അനുസൃതമായ പ്രവർത്തന ലക്ഷ്യമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളത്.


Source link
Exit mobile version