തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയുടെ മദർഷിപ്പും വിഴിഞ്ഞം തുറമുഖത്തെത്തുന്നു. ആദ്യമെത്തുന്ന മദർഷിപ്പ് സാൻ ഫെർണാണ്ടോ 10ന് നങ്കൂരമിടുന്നതിനു പിന്നാലെയാണിത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ. 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ടിതിന്. ഇതിലും വലുതാണ് ജൂലായ് അവസാനം വരുന്ന എം.എസ്.സിയുടെ കപ്പൽ. ഇതിനു 400മീറ്ററിലേറെ നീളമുണ്ടാവും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് വരവ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയാനാവും.
സാൻ ഫെർണാണ്ടോ കപ്പലിൽ എത്തിക്കുന്ന കാർഗോ മറ്റിടങ്ങളിലേക്ക് കൊണ്ടുപോവാൻ രണ്ടു ഫീഡർ കപ്പലുകളും എത്തുന്നുണ്ട്. മാറിൻ അജൂർ, സീസ്പാൻ സാന്റോസ് എന്നിവയാണ് എത്തുന്നതെന്നാണ് സൂചന. ഇതിലൊരെണ്ണം 13ന് വിഴിഞ്ഞത്ത് എത്തും. അടുത്ത രണ്ടു മാസം ലോകോത്തര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോകും.
ആഗോള ട്രാൻസ്ഷിപ്മെന്റ് ഹബ്
രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് ഹബായ വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ അടുപ്പിക്കാം. മറ്റ് രാജ്യങ്ങളിലേക്കുള്ള ചരക്കും ഇറക്കാനാവും. അതോടെ ആഗോള ട്രാൻസ്ഷിപ്മെന്റ് ഹബ് ആയി വിഴിഞ്ഞം വളരും. യൂറോപ്പ്, ഗൾഫ്, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പൽ പാതയോട് 10 നോട്ടിക്കൽ മൈൽ അടുത്താണ് വിഴിഞ്ഞം.
ആദ്യഘട്ടം10ലക്ഷം കണ്ടെയ്നർ
ആദ്യഘട്ടത്തിൽ പ്രതിവർഷം 10ലക്ഷം കണ്ടെയ്നറുകൾ വിഴിഞ്ഞത്തെത്തും. പൂർണസജ്ജമാവുമ്പോൾ 30ലക്ഷമാവും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും കപ്പലുകളെ നിയന്ത്രിക്കുക. എയർ ട്രാഫിക് കൺട്രോൾ മാതൃകയിലാണ് ഓട്ടമാറ്റിക്ക് നാവിഗേഷൻ സെന്റർ. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവർത്തനവുമെല്ലാം ഇതിൽ ഭദ്രമായിരിക്കും.
Source link