KERALAMLATEST NEWS

കേരളീയം ഈ വർഷം ഡിസംബറിൽ നടത്തും, ചെലവിന് സ്‌പോൺസർമാരെ കണ്ടെത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: ഈ വർഷവും കേരളീയം പരിപാടി നടത്താനൊരുങ്ങി സർക്കാർ. ഡിസംബറിലാകും ഇത്തവണ കേരളീയം നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ചെലവ് സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശവും നൽകി.

കഴിഞ്ഞ വർഷത്തെ കേരളീയം പരിപാടിയുടെ സ്‌പോൺസർഷിപ്പ് കണക്കുകൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എല്ലാം സ്‌പോൺസർഷിപ്പല്ലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പല തവണ വിവരാവകാശ നിയമ പ്രകാരം സ്‌പോൺസർഷിപ്പ് കണക്കുകൾ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ മറുപടി നൽകിയില്ല. ഏറ്റവും ഒടുവിൽ നിയമസഭയിലും ചോദ്യമുയർന്നെങ്കിലും പബ്ലിക് റിലേഷൻസ് വകുപ്പ് ചെലവഴിച്ച കണക്കുകൾ മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്.

കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്കായി മാത്രം സംസ്ഥാന സർക്കാർ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്. ആദ്യ ദിനം ശോഭനയുടെ നൃത്തത്തിനായി എട്ട് ലക്ഷം രൂപയാണ് നൽകിയത്. രണ്ടാം ദിവസം മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന സംഘടിപ്പിച്ച സ്‌പെഷ്യൽ ഷോയ്‌ക്ക് സർക്കാർ കണക്കിൽ നൽകിയത് 8,30,000 രൂപയാണ്. മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച പരിപാടി ആയിരുന്നു മൂന്നാം ദിവസം. കവിതകൾ കോർത്തിണക്കി ‘കാവ്യ 23’ എന്ന പേരിൽ നടത്തിയ പരിപാടിക്ക് 4,05,000 രൂപയാണ് ചെലവായത്.

കെഎസ് ചിത്രയുടെ ഗാനമേളയായിരുന്നു അഞ്ചാം ദിവസം. 2,05,000 രൂപയാണ് സർക്കാർ നൽകിയത്. കലാമണ്ഡലം കലാകാരന്മാരുടെ ഫ്യൂഷൻ ഷോയ്‌ക്ക് 3,80,000 രൂപ. സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 1,19,000 രൂപയാണ് സാംസ്‌കാരിക വകുപ്പ് നൽകിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവുമധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോയാണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 9,90,000 രൂപയാണ് അനുവദിച്ചത്.


Source link

Related Articles

Back to top button