HEALTH

നടി ഹിനാ ഖാന്‌ സ്‌തനാര്‍ബുദം; ഇന്ത്യയിലെ സ്‌ത്രീകളില്‍ അര്‍ബുദം വ്യാപകമാകുന്നോ ?


ഇന്ത്യയിലെ സ്‌ത്രീകളില്‍ ഏറ്റവും വ്യാപകമായ അര്‍ബുദങ്ങളില്‍ ഒന്നാണ്‌ സ്‌തനാര്‍ബുദം. സിനിമ താരങ്ങളും സെലിബ്രിട്ടികളും അടക്കം പലരും സ്‌തനാര്‍ബുദ ബാധിതരാകുന്നതായ വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. ഏറ്റവുമൊടുവില്‍ സിനിമ, ടെലിവിഷന്‍ നടിയായ ഹിനാ ഖാനാണ്‌ തനിക്ക്‌ സ്‌തനാര്‍ബുദം ബാധിച്ചതായി വെളിപ്പെടുത്തിയത്‌.

സ്റ്റേജ്‌ 3 സ്‌തനാര്‍ബുദം തനിക്ക്‌ സ്ഥിരീകരിക്കപ്പെട്ടതായും ചികിത്സകള്‍ ആരംഭിച്ചതായും ഹിനാ ഖാന്‍ തന്നെയാണ്‌ ഇന്‍സ്റ്റാഗ്രാം പോസ്‌റ്റിലൂടെ ലോകത്തെ അറിയിച്ചത്‌. താന്‍ ശക്തയാണെന്നും നിശ്ചയദാര്‍ഢ്യത്തോടെ തന്നെ ഈ രോഗത്തെ അതിജീവിക്കുമെന്നും ഹിന ആരാധകരെ അറിയിച്ചു. ഇതില്‍ നിന്ന്‌ കൂടുതല്‍ ശക്തയായി പുറത്ത്‌ വരുമെന്നും താരം ഇന്‍സ്റ്റാഗ്രാം പോസ്‌റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ജീവിതശൈലി, പാരിസ്ഥിതികമായ ഘടകങ്ങള്‍, ജനിതക പ്രത്യേകതകള്‍ എന്നിവ സ്‌തനാര്‍ബുദത്തിലേക്ക്‌ നയിക്കുന്ന ഘടകങ്ങളാണ്‌. നേരത്തെ രോഗനിര്‍ണ്ണയം നടത്തുന്നത്‌ അര്‍ബുദചികിത്സയിലും അതിജീവനത്തിലും നിര്‍ണ്ണായകമാണ്‌.

Representative image. Photo Credit: stefanamer/istockphoto.com

ലക്ഷണങ്ങള്‍സ്‌തനത്തില്‍ മുഴ, സ്‌തനത്തിന്റെ വലുപ്പത്തിലോ രൂപത്തിലോ മാറ്റങ്ങള്‍, സ്‌തനചര്‍മ്മത്തില്‍ ചുവപ്പ്‌, ചെതുമ്പലുകള്‍ പോലുള്ള മാറ്റങ്ങള്‍, മുലക്കണ്ണുകള്‍ അകത്തേക്ക്‌ കുഴിയുന്നത്‌, മുലക്കണ്ണുകളില്‍ നിന്നുള്ള സ്രവം, വേദന എന്നിവയെല്ലാം സ്‌തനാര്‍ബുദ ലക്ഷണങ്ങളാണ്‌. കക്ഷത്തില്‍ ഉണ്ടാകുന്ന മുഴയും നീരും അര്‍ബുദം ലിംഫ്‌ നോഡുകളിലേക്കും പടരുന്നതിന്റെ സൂചനയാണ്‌.

രോഗനിര്‍ണ്ണയംമുഴകള്‍ക്കും അസ്വാഭാവികമായ മാറ്റങ്ങള്‍ക്കുമായി സ്‌ത്രീകള്‍ സ്വയം സ്‌തനങ്ങളെ ഇടയ്‌ക്കിടെ പരിശോധിക്കേണ്ടതാണ്‌. അസ്വാഭാവികതകള്‍ കാണുന്ന പക്ഷം ആശുപത്രിയിലെത്തി മാമോഗ്രാഫി, അള്‍ട്രാസൗണ്ട്‌, എംആര്‍ഐ, ബയോപ്‌സി പോലുള്ള പരിശോധനകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടത്തേണ്ടതാണ്‌.

Representative image. Photo Credit: andresr/istockphoto.com

അര്‍ബുദ മുഴകള്‍ നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയ, സ്‌തനങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ , റേഡിയേഷന്‍ തെറാപ്പി, മരുന്നുകള്‍ ഉപയോഗിച്ചുള്ള കീമോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങള്‍ അര്‍ബുദത്തെ നേരിടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. ഓരോ രോഗിയുടെയും അര്‍ബുദത്തിന്റെ സ്ഥിതിയും ആരോഗ്യ നിലവാരവും അനുസരിച്ചാണ്‌ ചികിത്സ നിര്‍ണ്ണയിക്കുക.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യന്‍ സ്‌ത്രീകളുടെ സ്‌തനാര്‍ബുദ അതിജീവന നിരക്ക്‌ കുറവാണെന്ന്‌ കണക്കുകള്‍ പറയുന്നു. ചെറുപ്പക്കാരികളിലും മധ്യവയസ്‌ക്കരിലും പ്രായമായവരിലുമെല്ലാം സ്‌തനാര്‍ബുദം നിര്‍ണ്ണയിക്കപ്പെടാമെന്ന്‌ സര്‍ എച്ച്‌എന്‍ റിലയന്‍സ്‌ ഫൗണ്ടേഷന്‍ ഹോസ്‌പിറ്റലിലെ മെഡിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. പ്രീതം കടാരിയ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Representative image. Photo Credit: peakSTOCK/istockphoto.com

നേരത്തെയുള്ള ആര്‍ത്തവാരംഭം, വൈകിയുള്ള ആര്‍ത്തവവിരാമം, അമിതവണ്ണം, കുട്ടികള്‍ ഉണ്ടാകാതിരിക്കല്‍, വൈകിയുള്ള ഗര്‍ഭധാരണം, പുകവലി, മദ്യപാനം എന്നിവയെല്ലാം സ്‌തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കാവുന്ന ഘടകങ്ങളാണെന്നും ഡോ. കടാരിയ ചൂണ്ടിക്കാട്ടി. ഭക്ഷണ ക്രമീകരണം, വ്യായാമം, സമ്മര്‍ദ്ദം കുറയ്‌ക്കല്‍, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കല്‍ തുടങ്ങിയ നടപടികളിലൂടെ സ്‌തനാര്‍ബുദത്തിലേക്ക്‌ നയിക്കുന്ന ജീവിതശൈലീ ഘടകങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കാൻസറിനെ അതിജീവിച്ച കൊച്ചുമിടുക്കി: വിഡിയോ


Source link

Related Articles

Back to top button