കൊച്ചി: കലോത്സവത്തിനിടെ ഗ്രീൻ റൂമിലെത്തി കടന്നുപിടിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ കൊച്ചി സർവകലാശാല (കുസാറ്റ്) സ്റ്റുൻഡന്റ്സ് വെൽഫെയർ ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ പി.കെ. ബേബിക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു ദിവസം മുമ്പ് സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) വിദ്യാർത്ഥിനി നൽകിയ പരാതി വൈസ് ചാൻസലർ കളമശേരി പൊലീസിന് കൈമാറുകയായിരുന്നു. ഇടത് സിൻഡിക്കേറ്റ് അംഗമാണ് ബേബി.
കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. അന്ന് വിദ്യാർത്ഥിനി കുസാറ്റ് അധികൃതർക്കോ പൊലീസിനോ പരാതി നൽകിയിരുന്നില്ല. ഇടതുപക്ഷ പശ്ചാത്തലമുള്ള വിദ്യാർത്ഥിനി ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചു. പിറ്റേന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ബേബിയെ കൈയേറ്റം ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന അന്ന് വി.സിക്ക് പരാതി നൽകിയെങ്കിലും പെൺകുട്ടിയുടെ പരാതി ലഭിക്കാത്തതിനാൽ അന്വേഷണം നടത്താൻ തയ്യാറായില്ല.
ബേബിയെ സ്ഥാനത്തു നിന്നു നീക്കാമെന്ന ഉറപ്പ് പാർട്ടി പാലിക്കാത്തതിനാലാണ് യുവതി പരാതി നൽകിയതെന്നു കരുതുന്നു. ബേബിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വി.സിക്ക് കത്തുനൽകി. ക്യാമ്പസിൽ കെ.എസ്.യു പ്രവർത്തകർ പി.കെ. ബേബിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു.
Source link